ദുബായ് (www.mediavisionnews.in) : കോവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി ഏര്‍പ്പെടുത്തിയിരുന്ന യാത്രാനിയന്ത്രണങ്ങള്‍ ഒഴിവാക്കി യുഎഇ. മൂന്ന് മാസം നീണ്ടുനിന്ന ദേശീയ അണുനശീകരണ പരിപാടിയുടെ ഭാഗമായാണ് യുഎഇയിലുടനീളം യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നത്. അണുനശീകരണം പൂര്‍ത്തിയായതോടെ രാത്രിയിലടക്കമുള്ള എല്ലാ യാത്രാ നിയന്ത്രണങ്ങളും നീക്കിയതായി ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. രാജ്യത്തുടനീളം ഏത് പ്രായക്കാര്‍ക്കും ഇനി ഏത് സമയത്തും യാത്രചെയ്യാം. പ്രായമായവര്‍ക്കും കുട്ടികള്‍ക്കും ഇനി മാളുകളിലും ഭക്ഷണശാലകളിലും അടക്കം എല്ലായിടത്തും പ്രവേശനമുണ്ടാകും.
യാത്രാ നിയന്ത്രണങ്ങള്‍ മാത്രമേ നീക്കിയിട്ടുള്ളൂ എന്നും കൊറോണ പ്രതിരോധത്തിനായുള്ള മറ്റെല്ലാ ജാഗ്രതയും തുടരണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. പുറത്തിറങ്ങുമ്പോഴും ഓഫീസുകളിലും മുഖാവരണം നിര്‍ബന്ധമാണ്. സാമൂഹിക അകലം പാലിക്കണം. കൂട്ടംകൂടി നില്‍ക്കരുത്. നിയമലംഘനത്തിന് നേരത്തേ പ്രഖ്യാപിച്ച പിഴ അടക്കമുള്ള ശിക്ഷകള്‍ നിലനില്‍ക്കുന്നുണ്ടെന്നും രാജ്യം വ്യക്തമാക്കിയിട്ടുണ്ട്. കാറില്‍ മൂന്ന് പേര്‍ക്ക് മാത്രമേ യാത്രചെയ്യാന്‍ അനുമതിയുള്ളൂ. ഒരേ കുടുംബത്തിലുള്ളവരാണെങ്കില്‍ തടസ്സമില്ല. ഒരാളില്‍ കൂടുതല്‍ യാത്രക്കാര്‍ വാഹനങ്ങളില്‍ ഉണ്ടെങ്കില്‍ മാസ്ക് നിര്‍ബന്ധമായും ധരിച്ചിരിക്കണം.
അബുദാബിയില്‍ യാത്രാ നിയന്ത്രണങ്ങള്‍ തുടരും. എമിറേറ്റിനകത്ത് അങ്ങോട്ടുമിങ്ങോട്ടും യാത്ര ചെയ്യുന്നതിന് തടസ്സമില്ല. അബുദാബിക്ക് പുറത്ത് പോകുന്നതിനും അനുമതി ആവശ്യമില്ല. എന്നാല്‍ എമിറേറ്റിനകത്തേക്ക് കടക്കുന്നതിന് അബുദാബി പൊലീസിന്റെ മുന്‍കൂര്‍ അനുമതി ആവശ്യമാണ്. അവശ്യ സര്‍വ്വീസുകളെ ഇതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.