ഇനി ആരായാലും പാമ്പിനെ പിടിച്ച് അധികം ഷോ വേണ്ട; 3 വര്‍ഷം വരെ ശിക്ഷ കിട്ടുന്ന തരത്തില്‍ പുതിയ നിയമ പരിഷ്‌ക്കരിക്കാരവുമായി വനം വകുപ്പ്; പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ ഇങ്ങനെ

0
227

തിരുവനന്തപുരം: പാമ്പു പിടിത്തക്കാരനായ സക്കീര്‍ ഹുസൈന്‍ ഞായറാഴ്ച നാവായിക്കുളത്ത് പാമ്പു പിടിത്തത്തിനിടെ മൂര്‍ഖന്റെ കടിയേറ്റു മരിച്ചതിനു പിന്നാലെ പുതിയ മാര്‍ഗ നിര്‍ദേശങ്ങളുമായി വനം വകുപ്പ്. പാമ്പുപിടിത്തക്കാര്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്താനും ലൈസന്‍സില്ലാതെ പാമ്പു പിടിച്ചാല്‍ 3 വര്‍ഷംവരെ ശിക്ഷ കിട്ടുന്ന തരത്തില്‍ നിയമം പരിഷ്‌ക്കരിക്കാനും സര്‍ക്കാര്‍ തീരുമാനം. ജില്ലാ അടിസ്ഥാനത്തില്‍ പാമ്പു പിടിത്തക്കാര്‍ക്ക് ലൈസന്‍സ് നല്‍കാനാണ് വനംവകുപ്പ് പദ്ധതി തയാറാക്കുന്നത്. മാര്‍ഗ നിര്‍ദേശങ്ങള്‍ ഒരാഴ്ചയ്ക്കകം പുറത്തിറങ്ങും.

അശാസ്ത്രീയമായി പാമ്പു പിടിച്ച് അപകടത്തില്‍പെടുന്നവരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് വനംവകുപ്പിന്റെ നടപടി. പാമ്പു പിടിക്കാന്‍ താത്പര്യമുള്ളലരില്‍ നിന്ന് അപേക്ഷ ക്ഷണിച്ച് ജില്ലാ അടിസ്ഥാനത്തില്‍ പരിശീലനം നല്‍കി ലൈസന്‍സ് നല്‍കും. പുതിയ മാര്‍ഗ നിര്‍ദേശങ്ങളിറങ്ങുന്നതോടെ, എത്ര പ്രശസ്തനായ പാമ്പു പിടിത്തക്കാരനായാലും അപകടകരമായ വിധത്തില്‍ പാമ്പിനെ പൊതുജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കാനാകില്ല. സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ പാമ്പിനെ പിടിച്ച് കാട്ടില്‍ വിടണം.

പാമ്പു കടിയേറ്റ് മരിച്ച സക്കീറിന് നേരത്തേ 12 തവണ കടിയേറ്റിട്ടുണ്ട്. മാത്രവുമല്ല പാമ്പു പിടിത്തക്കാരനായ വാവ സുരേഷിനും നിരവധി തവണ പാമ്പു കടിയേറ്റിട്ടുണ്ട്. സുരക്ഷാ ഉപകരണങ്ങളില്ലാതെ പാമ്പിനെ പിടിക്കുന്നതും അതിനെ ജനങ്ങള്‍ക്കിടയില്‍ പ്രദര്‍ശിപ്പിക്കുമ്പോള്‍ സംഭവിക്കുന്ന അശ്രദ്ധയുമാണ് പാമ്പുകടിയിലേക്ക് നയിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here