ജമൈക്ക (www.mediavisionnews.in): ഐ.പി.എല്ലില്‍ കളിക്കുന്നതിനിടെ ഇന്ത്യന്‍ കാണികളില്‍ നിന്നും കേട്ടത് വംശീയാധിക്ഷേപമായിരുന്നുവെന്ന് ഇപ്പോഴാണ് തിരിച്ചറിഞ്ഞതെന്ന് വിന്‍ഡീസ് മുന്‍ ക്യാപ്റ്റന്‍ ഡാരന്‍ സമി. ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടി കളിച്ചിരുന്നപ്പോഴുള്ള അനുഭവമാണ് സമി പങ്കുവെച്ചിരിക്കുന്നത്. അമേരിക്കയില്‍ കറുത്തവര്‍ഗ്ഗക്കാരനായ ജോര്‍ജ്ജ് ഫ്‌ളോയിഡിന്റെ കൊലപാതകത്തെ തുടര്‍ന്ന് ‘ബ്ലാക് ലൈഫ് മാറ്റേഴ്‌സ്’ കാമ്പയിന്‍ ലോകവ്യാപകമായി നടക്കുന്നതിനിടെയാണ് സമി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഐ.പി.എല്ലില്‍ കളിച്ചിരുന്ന കാലത്ത് ‘കാലു’ എന്നാണ് പലരും വിളിച്ചിരുന്നത്. തന്നെ മാത്രമല്ല ശ്രീലങ്കന്‍ താരം തിസാര പെരേരയേയും കാണികള്‍ ഇങ്ങനെ വിളിച്ചിരുന്നു. കരുത്തരെന്ന നിലയിലാണ് അങ്ങനെ വിളിക്കുന്നതെന്നാണ് അന്ന് കരുതിയിരുന്നതെന്നും അങ്ങനെയല്ലെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നതെന്നും സമി ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു. ഈ തിരിച്ചറിവ് തന്നെ വല്ലാതെ ക്രുദ്ധനാക്കിയെന്നും അദ്ദേഹം പറയുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്കെതിരായ അധിക്ഷേപങ്ങള്‍ ക്രിക്കറ്റില്‍ നിന്നും തുടച്ചുമാറ്റാന്‍ മുന്നിട്ടിറങ്ങണമെന്ന് ഐ.സി.സിയോടും മറ്റു ക്രിക്കറ്റ് ബോര്‍ഡുകളോടും സമി ആവശ്യപ്പെട്ടിരുന്നു. തുടര്‍ച്ചയായ ട്വീറ്റുകളിലൂടെയായിരുന്നു സമി ഇക്കാര്യം പറഞ്ഞത്.