ആരാധനാലയങ്ങള്‍ പൂട്ടാന്‍ കേന്ദ്രസര്‍ക്കാരാണ് ഉത്തരവിട്ടത്; കേരളമല്ല, മാര്‍ഗനിര്‍ദ്ദേശം വരുന്ന മുറക്ക് തുറക്കും: മുഖ്യമന്ത്രി

0
229

തിരുവനന്തപുരം (www.mediavisionnews.in): ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് കേന്ദ്രം പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ ഇതുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശം ലഭിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങള്‍ തുറക്കാമെന്ന് പറഞ്ഞെങ്കിലും വലിയ ആള്‍ക്കൂട്ടം പാടില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ആരാധനാലയങ്ങള്‍ എന്തുകൊണ്ട് തുറക്കുന്നില്ലെന്ന് സംസ്ഥാന സര്‍ക്കാരിനോട് ചോദിക്കുന്ന ചില പ്രസ്താവനകള്‍ കണ്ടു. കാര്യങ്ങള്‍ മനസിലാക്കാതെയുള്ള പ്രസ്താവനകാളാണ് ഇവയെന്ന് കരുതുന്നില്ല. കേന്ദ്രസര്‍ക്കാരാണ് ഇക്കാര്യം തീരുമാനിച്ചത്. വിദ്യാലയങ്ങളും അടഞ്ഞുകിടക്കുകയാണ്. രാഷ്ട്രീയ സാമൂഹിക സാംസ്കാരിക പരിപാടികള്‍ക്ക് വിലക്കുണ്ട്. ഇളവുകളുടെ ഭാഗമായി ജൂണ്‍ എട്ട് മുതല്‍ ആരാധനാലയങ്ങള്‍ തുറക്കാമെന്ന് കേന്ദ്രസര്‍ക്കാര്‍ പറഞ്ഞ സാഹചര്യത്തിലാണ് ഇന്ന് ചര്‍ച്ച നടത്തിയത്.

ആള്‍ക്കൂട്ടം കേന്ദ്രസര്‍ക്കാര്‍ നിരോധിക്കുകയാണ്. രാഷ്ട്രീയ സാമൂഹിക ഒത്തുചേരലുകളും ഉത്സവങ്ങളും ആരാധനയുമെല്ലാം ഇതില്‍പെടും. രോഗവ്യാപനം തടയണം. ലോക്ക്ഡൗണില്‍ നിന്ന് രാജ്യം പുറത്തുകടക്കുന്നു. ഈ നിലയില്‍ അധികം തുടരനാവില്ല. ഉത്പാദനവും സേവനവും നിശ്ചലമാക്കി അധിക കാലം മുന്നോട്ട് പോകാനാവില്ല.

ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുന്നത് വിശ്വാസികള്‍ക്ക് വലിയ പ്രശ്‌നമുണ്ടാക്കുന്നുണ്ട്. എന്നാല്‍ സമൂഹത്തെ കരുതിയുള്ള നിയന്ത്രണങ്ങളോട് എല്ലാ മതങ്ങളും യോജിച്ചു. ഇക്കാര്യത്തില്‍ വലിയ ഐക്യമാണ് ഉള്ളത്. ഒത്തൊരുമയോടെ ലോക്ക്ഡൗണ്‍ കാലത്ത് പ്രവര്‍ത്തിച്ചു. ബന്ധപ്പെട്ടവരോട് അതിന് നന്ദി പറയുന്നു. തുടര്‍ന്നും നിസ്സീമമായ സഹകരണം ഉണ്ടാകണം.

also read: മാസ്ക്ക് ധരിക്കാത്ത വിദേശികളെ ഇനി നാടു കടത്തും

മാര്‍ഗനിര്‍ദ്ദേശം വരുന്ന മുറക്ക് ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ മതമേധാവികളുമായും മതസ്ഥാപന മേധാവികളുമായും ചര്‍ച്ച നടത്തിയിട്ടുണ്ട്. ആരാധനാലയങ്ങളില്‍ സാധാരണ നില പുനസ്ഥാപിച്ചാല്‍ വലിയ ആള്‍ക്കൂട്ടമുണ്ടാകും. അത് രോഗവ്യാപനത്തിന് ഇടയാക്കും. സര്‍ക്കാര്‍ നിലപാടിനോട് എല്ലാവരും യോജിച്ചു. ഹിന്ദു, കൃസ്ത്യന്‍, മുസ്ലിം വിഭാഗങ്ങളോട് വെവ്വേറെ ചര്‍ച്ച നടത്തി. വിശ്വാസികളുടെ എണ്ണം പരിമിതപ്പെടുത്താമെന്ന് എല്ലാവരും പറഞ്ഞു. മുതിര്‍ന്ന പൗരന്മാരും മറ്റ് രോഗമുള്ളവരും ആരാധനാലയത്തില്‍ എത്തും. ഇവര്‍ വരുന്നത് അപകടമാണ്.

ഇവരെ കൊവിഡ് പെട്ടെന്ന് പിടികൂടാം. പിടിപെട്ടാലിവരെ സുഖപ്പെടുത്താനും പ്രയാസം. പ്രായമായവരിലും ഇതര രോഗികളിലും മരണനിരക്ക് കൂടുതലാണ്. ഇത് ഗൗരവമായി കാണണം. ഈ വിഭാഗം ആളുകളുടെ കാര്യത്തില്‍ പ്രത്യേക നിയന്ത്രണം കൊണ്ടുവരുന്നതിനോട് മതനേതാക്കള്‍ യോജിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here