അങ്കമാലിയിൽ നവജാത ശിശുവിനെ കട്ടിലിൽ എറിഞ്ഞു കൊല്ലാൻ ശ്രമിച്ച അച്ഛൻ അറസ്റ്റിൽ,​ കുട്ടി ഗുരുതരാവസ്ഥയിൽ വെന്റിലേറ്ററിൽ

0
143

കൊച്ചി: ജനിച്ചതു പെൺകു‍ഞ്ഞായതിന്റെ നിരാശയിൽ പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പിതാവ് അറസ്റ്റിൽ. അങ്കമാലി ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന കണ്ണൂർ ചാത്തനാട്ട് ഷൈജു തോമസ് (40) ആണ് അറസ്റ്റിലായത്. ജനിച്ച് 54 ദിവസത്തിനു ശേഷമാണ് നവജാത ശിശുവിനു നേരെ ആക്രമണമുണ്ടായത്. കുഞ്ഞിനെ ഇയാൾ തലയ്ക്കടിച്ചും കട്ടിലിലേക്കു വലിച്ചെറിഞ്ഞും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു.

കുട്ടിയുടെ പിതൃത്വത്തിലുള്ള സംശയവും കുഞ്ഞിനെതിരെയുള്ള ആക്രമണത്തിനു കാരണമായെന്നാണ് പൊലീസ് പറയുന്നത്. ഗുരുതരമായി പരുക്കേറ്റ കുഞ്ഞിനെ കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതിതീവ്ര പരിചരണവിഭാഗത്തിൽ ചികിത്സയിലുള്ള കുഞ്ഞിന്റെ തലച്ചോറിൽ രക്തസ്രാവവും വെള്ളക്കെട്ടുമുണ്ട്. കാലുകളിൽ ചതവുണ്ട്. 

ജോസ്പുരത്തു വാടകയ്ക്കു താമസിക്കുന്ന വീടിന്റെ കിടപ്പുമുറിയിൽ ഈ മാസം 18ന് പുലർച്ചെ നാലിനാണു കുഞ്ഞിനെ കൊലപ്പെടുത്താൻ ശ്രമമുണ്ടായത്. ഭാര്യയുടെ കൈയിൽ നിന്നു കുഞ്ഞിനെ ബലമായി പിടിച്ചു വാങ്ങി ഷൈജു കൈകൊണ്ടു രണ്ടു പ്രാവശ്യം കുട്ടിയുടെ തലയ്ക്കടിക്കുകയും കട്ടിലിലേക്കു വലിച്ചെറിയുകയും ചെയ്തുവെന്നു പൊലീസ് പറഞ്ഞു.

ഫെയ്സ്ബുക്കിലൂടെ പരിചയപ്പെട്ട നേപ്പാൾ സ്വദേശിയായ യുവതിയും ഷൈജുവും തമ്മിൽ വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമെ ആയിട്ടുള്ളു. നേപ്പാളിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. 9 മാസങ്ങളായി അങ്കമാലിയിലെ വിവിധയിടങ്ങളിൽ വാടകയ്ക്കു താമസിച്ചുവരികയാണ്. 10 മാസം മുൻപാണ് ഇവർ ജോസ്പുരത്തു താമസം തുടങ്ങിയത്. 

LEAVE A REPLY

Please enter your comment!
Please enter your name here