സ്ത്രീധനമായി ബൈക്ക് നൽകിയില്ല; ഭാര്യയുടെ ഫോട്ടോയും നമ്പറും ഓൺലൈനിലിട്ട് ഭർത്താവ്, ഒടുവിൽ അറസ്റ്റ്

0
159

ലഖ്നൗ: സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും കുറ്റകരമാണെങ്കിലും ഇക്കാരണത്താൽ സ്ത്രീകൾ പലതരത്തിലുള്ള ചൂഷണങ്ങൾക്ക് വിധേയമാകാറുണ്ട്. പല കുറ്റകൃത്യങ്ങളുടെയും ഒരു കാരണം സ്ത്രീധനം കൊണ്ടുണ്ടാകുന്ന പ്രശ്‌നങ്ങളാണ്. അത്തരത്തിൽ ഒരു വാർത്തയാണ് ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തുവരുന്നത്. 

ഉത്തര്‍പ്രദേശിലെ തുതിയ എന്ന ഗ്രാമത്തിലാണ് സംഭവം. ആവശ്യപ്പെട്ട സ്ത്രീധനം നല്‍കാത്തതിനെ തുടര്‍ന്ന് ഭര്‍ത്താവ് സ്വന്തം ഭാര്യയുടെ ഫോട്ടോയും നമ്പറും ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തു. പുനീത് എന്നയാളാണ് ഭാര്യയുടെ ഫോട്ടോ സൈറ്റുകളില്‍ പോസ്റ്റ് ചെയ്തത്. ലൈംഗിക വൃത്തിക്ക് ആളെ ലഭിക്കും എന്നു പറഞ്ഞാണ് ഇയാള്‍ ഫോട്ടോയും നമ്പറും നല്‍കിയതെന്ന് പൊലീസ് പറയുന്നു.

ബൈക്ക് സ്ത്രീധനമായി നല്‍കാത്തതിനെ തുടര്‍ന്നാണ് പുനീത് ഇങ്ങനെ ചെയ്തത്. ഭാര്യയ്ക്ക് ഫോണ്‍ കോളുകൾ വര്‍ദ്ധിച്ചതോടെയാണ് ഇതിന് പിന്നില്‍ ഭര്‍ത്താവെന്ന് മനസിലായതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ബൈക്ക് ലഭിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ ദുഃഖിതനായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.

ഫോണ്‍ കോളുകള്‍ വര്‍ദ്ധിച്ചതോടെ ഭാര്യ സൈബര്‍ സെല്ലിനെ സമീപിച്ചു. തുടര്‍ന്നാണ് തന്നെ ലൈംഗിക വൃത്തിക്ക് ലഭിക്കുമെന്ന തരത്തില്‍ ഓണ്‍ലൈനില്‍ പരസ്യം നല്‍കിയിരിക്കുന്ന കാര്യം ഇവർ മനസിലാക്കിയത്. ബൈക്ക് ലഭിക്കുന്നതിനായി ഭര്‍ത്താവ് തന്നെ മര്‍ദ്ദിക്കാറുണ്ടെന്ന് ഭാര്യ പൊലീസിനോട് പറഞ്ഞു. പുനീതിന്റെ മര്‍ദ്ദനത്തെ തുടര്‍ന്ന് ഭാര്യ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സ്വന്തം വീട്ടിലായിരുന്നു താമസം. ഇത് പുനീതിനെ കൂടുതല്‍ ചൊടിപ്പിച്ചുവെന്നും പൊലീസ് അറിയിച്ചു.

ഭാര്യ പൊലീസില്‍ പരാതി നല്‍കിയതോടെ പുനീതിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിനെതിരെ ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുക്കുമെന്നും ഉന്നത പൊലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here