കാസർകോട്: മംഗൽപാടി വീരനഗറിൽ കഴിഞ്ഞ ദിവസം കുമ്പള പൊലീസ് നടത്തിയത് ജില്ലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ മദ്യവേട്ട. കഴിഞ്ഞ 10 വർഷത്തിനിടയിൽ പൊലീസോ എക്സൈസോ ജില്ലയിൽ നിന്നു പിടികൂടിയതിൽ വച്ച് ഏറ്റവും വലിയ കേസാണിത്. 5 ലക്ഷത്തോളം രൂപ വിലവരുന്ന 1131 ലീറ്റർ മദ്യമാണ് കാറിൽ നിന്നും വീരനഗറിലെ ഒരു ഷെഡിൽ നിന്നുമായി കുമ്പള എസ്ഐ എ. സന്തോഷ് കുമാർ, അഡീഷനൽ എസ്ഐ കെ.പി.വി. രാജീവൻ എന്നിവർ ചേർന്നു പിടികൂടിയത്.
കാറിൽ മദ്യം കടത്തുന്നതിനിടെ പിടിയിലായ വീരനഗറിലെ നാരായണ അജയ്(23) എന്നയാളെ ചോദ്യം ചെയ്തപ്പോഴാണ് വീടിനു സമീപത്തെ ഷെഡിലെ മദ്യ ശേഖരത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. കാറിൽ നിന്നു 146 ലീറ്ററും ബാക്കി ഷെഡിൽ നിന്നുമാണ് പിടികൂടിയത്. 2016 ഓഗസ്റ്റ് 16 ന് മൈലാട്ടിയിൽ നിന്നു എക്സൈസ് 776 ലീറ്റർ മദ്യം പിടികൂടിയതായിരുന്നു ഇതുവരെയുള്ള വലിയ കേസ്.
കോവിഡിനെ തുടർന്നുള്ള ഗതാഗത നിയന്ത്രണം മൂലമാണ് ഭീമമായ അളവിൽ മദ്യം പ്രതികൾ ശേഖരിച്ചു വയ്ക്കാൻ കാരണമെന്ന് പൊലീസ് പറയുന്നു. മഞ്ചേശ്വരം താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ കഴിഞ്ഞ 3 വർഷമായി കർണാടക മദ്യം ഏജന്റുമാർക്ക് എത്തിച്ചുകൊടുക്കുന്നത് ഇവരാണ്. ഒരു ദിവസം 25000 രൂപ വരെയാണ് ഇവരുടെ വരുമാനം. ഇങ്ങനെ ലഭിച്ച തുക കൊണ്ടാണ് മദ്യം സൂക്ഷിച്ച ഷെഡ് നിർമിച്ച സ്ഥലം വാങ്ങിയതും.
മുപ്പതോളം വീടുകൾ ഇതിനു സമീപത്തുണ്ട്. എന്നാൽ ആർക്കും പരാതികളില്ലാത്ത വിധം നാട്ടുകാരോട് വളരെ സൗഹൃദപരമായാണ് നാരായണ അജയും കണ്ണനും ഇടപെട്ടിരുന്നത്. ലോക്ഡൗൺ കാലത്ത് എല്ലാ വീടുകളിലേക്കും ഇവർ സ്വന്തം കാശ് മുടക്കി ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്തിരുന്നതായും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. കേസിൽ പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് കൂടുതൽ അന്വേഷണം നടത്തുകയാണ് പൊലീസ്.