ദില്ലി (www.mediavisionnews.in) : രാത്രി കർഫ്യുവിൽ ഇളവ് നല്‍കി കേന്ദ്ര സർക്കാർ. ട്രക്കുകൾക്കും അവശ്യസാധനങ്ങളുടെ നീക്കത്തിനും കര്‍ഫ്യൂ ബാധകമല്ല. ബസുകളിലെ യാത്രയ്ക്കും വിലക്കില്ല. ബസ്, ട്രെയിൻ സ്റ്റേഷനുകളിൽ ഇറങ്ങി വീട്ടിലേക്ക് പോകുന്നവരെയും തടയരുതെന്നാണ് നിര്‍ദ്ദേശം.
കൊവിഡ് ഇന്ത്യയെ കീഴടക്കുമ്പോള്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. മഹാരാഷ്ട്ര, തമിഴ്നാട്, ദില്ലി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഈ സംസ്ഥാനങ്ങളിലെ മരണ നിരക്ക് ദേശീയ ശരാശരിയേക്കാള്‍ മുകളിലാണ്. ദേശീയ ശരാശരി 2.8 ശതമാനമെങ്കില്‍ അഞ്ച് ശതമാനമാണ് ഈ സംസ്ഥാനങ്ങളിലെ ശരാശരി നിരക്ക്. കൊവിഡ് മാസങ്ങളോളം നീണ്ടുനില്‍ക്കുമെന്ന മുന്നറിയിപ്പുകള്‍ക്കിടെ വെന്‍റിലേറ്റര്‍, ഐസിയു അടക്കമുള്ള സംവിധാനങ്ങള്‍ ഓഗസ്റ്റോടെ നിറയുമെന്നും കൂടുതല്‍ കരുതല്‍ വേണമെന്നുമാണ് മുന്നറിയിപ്പ്.
അതേസമയം മഹാരാഷ്ട്രയിൽ ലോക്ക് ഡൗൺ വീണ്ടും നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ പറഞ്ഞു. ജനങ്ങൾ സഹകരിച്ചില്ലെങ്കിൽ ഇളവുകൾ അവസാനിപ്പിച്ച് ലോക്ക് ഡൗൺ കർശനമാക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം ഉദ്ദവ് പറഞ്ഞിരുന്നു. ഈ നിലപാടിൽ നിന്നാണ് സർക്കാർ പിന്നോട്ട് പോയത് . ജനങ്ങൾ സാമൂഹ്യ അകലം പാലിച്ച് സർക്കാരിന്‍റെ നിർദ്ദേശങ്ങൾ അനുസരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദില്ലിയിലും ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു. കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നതിനാല്‍ ദില്ലിയില്‍ വീണ്ടും ലോക്ക് ഡൗണ്‍ ഉണ്ടാവുമെന്ന ഊഹാപോഹം പരക്കുന്നതിനിടെയാണ് ആരോഗ്യമന്ത്രി കാര്യങ്ങള്‍ വ്യക്തമാക്കിയത്.
തമിഴ്‍നാട്ടിലും ചെന്നൈയിലും മറ്റ് ജില്ലകളിലും അടുത്ത 15 ദിവസത്തേക്ക് വീണ്ടും കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമെന്ന വ്യാജപ്രചാരണത്തെ മുഖ്യമന്ത്രി പളനിസ്വാമി തള്ളി. വ്യാജ പ്രസ്‍താവനകള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പളനിസ്വാമി പറഞ്ഞു.