കോഴിക്കോട്: കൊവിഡ് വ്യാപന പശ്ചാത്തലത്തില്‍ ഉടന്‍ ആരാധനാലയങ്ങള്‍ തുറക്കില്ലെന്ന നിലപാടുമായി കൂടുതല്‍ പള്ളികള്‍. കോഴിക്കോട് നടക്കാവ് പുതിയ പള്ളിയും കണ്ണൂരിലെ അബ്റാര്‍ മസ്‍ജിദും തുറക്കില്ല. മാര്‍ഗനിര്‍ദേശം പാലിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് നടക്കാവ് പുതിയ പള്ളി ഉടന്‍ തുറക്കാത്തതെന്നാണ് വിശദീകരണം. തീര്‍ത്ഥാടകരെ നിരീക്ഷിക്കുന്നത് പ്രയാസകരമായതിനാല്‍ കണ്ണൂരിലെ അബ്റാര്‍ മസ്‍ജിദ് തുറക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു. നഗരത്തിലേക്ക് പലയിടങ്ങളിൽ നിന്നും ആളുകളെത്തുന്നതിനാൽ ഇവരെ നിരീക്ഷിക്കാൻ പ്രയാസമാകും എന്നാണ് വിലയിരുത്തല്‍.
കോഴിക്കോട് മൊയ്‍തീന്‍ പള്ളിയും തിരുവനന്തപുരം പാളയം ജുമാ മസ്‍ജിദും കൊവിഡ് പശ്ചാത്തലത്തില്‍ തുറക്കില്ല. നിയന്ത്രണങ്ങള്‍ പാലിച്ച് പളളികള്‍ തുറക്കുന്നതിന് അസൗകര്യം ഉള്ളതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികള്‍ തുറക്കേണ്ടതില്ലെന്ന് മൊയ്തീൻ പള്ളി പരിപാലന സമിതി അറിയിച്ചിട്ടുണ്ട്. തിരുവനന്തപുരം പാളയം ജുമാ മസ്ജിദും തൽക്കാലം തുറക്കില്ലെന്ന് നേരത്തെ അറിയിച്ചിരുന്നു. ജമാഅത് പരിപാലന സമിതിയാണ് ഇക്കാര്യം അറിയിച്ചത്. ആരാധനയ്ക്കായി എത്തുന്നവരിൽ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണെന്നും ഇത്തരമൊരു സാഹചര്യത്തിൽ കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് ജുമാ മസ്ജിദ് തൽക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നും ജമാഅത് പരിപാലന സമിതി വ്യക്തമാക്കിയിരുന്നു.