രാജ്യത്തെ സോഷ്യല്‍ മീഡിയയില്‍ മലപ്പുറം ജില്ലയെ കുറിച്ച് ദുഷ്പ്രചരണം ശക്തമായി നടക്കവേ ലോക പരിസ്ഥിതി ദിനത്തില്‍ ക്ഷേത്രാങ്കണത്തില്‍ വൃക്ഷത്തൈ നട്ട് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍. മലപ്പുറം-കുന്നുമ്മല്‍ ശ്രീ ത്രിപുരാന്തക ക്ഷേത്ര അങ്കണത്തിലാണ് ചടങ്ങ് നടന്നത്.
ക്ഷേത്ര പൂജാരി മണികണ്ഠന്‍ എമ്പ്രാന്തിരിക്കൊപ്പമാണ് തൈ നട്ടത്. മൈത്രി എന്നാണ് തൈക്ക് പേര് നല്‍കിയത്. ആ തൈ വളര്‍ന്നൊരു വൃക്ഷമായി, പ്രകൃതി സ്‌നേഹത്തിന്റെയും ഒപ്പം സഹിഷ്ണുതയുടേയും അടയാളമായി, നമുക്ക് മീതെ എന്നും തണല്‍ വിരിക്കട്ടെ എന്ന് മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.
ആന കൊല്ലപ്പെട്ട സംഭവം മലപ്പുറത്തല്ലെന്ന് വ്യക്തമായിട്ടും ഇപ്പോഴും സോഷ്യല്‍ല മീഡിയയില്‍ വ്യാജ പ്രചരണം ശക്തമായി നടക്കുകയാണ്. പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ ഗര്‍ഭിണിയായ ആന സ്‌ഫോടക വസ്തു നിറച്ച് പൈനാപ്പിള്‍ കഴിച്ച് ചരിഞ്ഞ സംഭവത്തില്‍ മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പരാമര്‍ശവുമായി ബി.ജെ.പി എം.പിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മനേക ഗാന്ധി രംഗത്തെത്തിയിരുന്നു.