തിരുവനന്തപുരം: (www.mediavisionnews.in) പ്രവാസികളെ അതിഥി തൊഴിലാളികളായി കാണാനാകില്ലെന്ന് സംസ്ഥാന സർക്കാർ. അതിഥി തൊഴിലാളികൾക്കുള്ള സംരക്ഷണവും സുപ്രീംകോടതി നിർദേശിച്ച ആനുകൂല്യങ്ങളും പ്രവാസികൾക്ക് നൽകാനാവില്ലെന്നും സംസ്ഥാനസർക്കാർ വ്യക്തമാക്കുന്നു. നോർക്ക പ്രിൻസിപ്പൾ സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അതിഥി തൊഴിലാളികൾക്ക് സൗജന്യ യാത്രയും സൗജന്യ ക്വാറന്റീനും നൽകണമെന്നായിരുന്നു സുപ്രീംകോടതി നിർദേശം.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പ്രവാസികളെ അതിഥിത്തൊഴിലാളികളായി കണക്കാക്കാൻ കഴിയുമോ എന്ന് പരിശോധിക്കാൻ ഹൈക്കോടതി സർക്കാരിനോട് നിർദേശിച്ചിരുന്നു. ഇതിലാണ് പ്രവാസികളെ അതിഥിത്തൊഴിലാളികളായി കാണാൻ കഴിയില്ല എന്ന് വ്യക്തമാക്കി നോർക്ക സർക്കാരിന് വേണ്ടി ഉത്തരവ് പുറത്തിറക്കിയത്.