പൊലീസ് ആളുമാറി വെടിവെച്ചുകൊന്ന കൗമാരക്കാരന് കൂട്ടുകാരുടെ വൈകാരിക യാത്രയയപ്പ്

0
205

കൂട്ടുകാരന്റെ പാസ് മാര്‍ട്ടിനസ് ഗോമസിനെ കിടത്തിയ ശവപ്പെട്ടിയില്‍ തട്ടി നേരെ ഗോളിലേക്ക് പോയി. ശേഷം ഏതൊരു ഗോളാഘോഷത്തേക്കാളും വൈകാരികമായി അവരെല്ലാവരും ചേര്‍ന്ന് മാര്‍ട്ടിനസിന്റെ ശവപ്പെട്ടിക്ക് മീതെ വീണു. പൊലീസ് ആളുമാറി വെടിവെച്ചുകൊന്ന കൗമാരക്കാരനെ ജീവിതത്തിലെ അവസാനത്തെ ഗോളടിക്കാന്‍ സഹായിക്കുകയായിരുന്നു സുഹൃത്തുക്കള്‍.

ഫുട്‌ബോളിനെ നെഞ്ചേറ്റിയ മാര്‍ട്ടിനസ് ഗോമസിനെ ആളുമാറി വെടിവെച്ചുകൊല്ലുകയായിരുന്നുവെന്നാണ് മെക്‌സിക്കന്‍ പൊലീസ് അറിയിക്കുന്നത്. ചൊവ്വാഴ്ച്ച സോഡ വാങ്ങാനായി അടുത്തുള്ള കടയിലേക്ക് പോകുമ്പോഴായിരുന്നു മാര്‍ട്ടിനസ് ഗോമസിന് വെടിയേറ്റതെന്നാണ് മെക്‌സിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തത്.

പൊലീസിന്റെ ക്രൂരതക്കെതിരെ മെക്‌സിക്കോയില്‍ വലിയ തോതിലുള്ള പ്രതിഷേധങ്ങള്‍ക്കും ഈ സംഭവം കാരണമായി. തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയിലും ഗ്വാഡലാജാറയിലും പൊലീസിനെതിരെ പ്രതിഷേധങ്ങള്‍ നടന്നു. ഏതാണ്ട് മുന്നൂറോളം പേരാണ് വൈകാരികമായ മാര്‍ട്ടിനസിന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. മാര്‍ട്ടിനസിനെക്കൊണ്ട് അവസാന ഗോളടിപ്പിക്കുന്ന കൂട്ടുകാരുടെ വീഡിയോ മെക്‌സിക്കന്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണെന്നാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടു ചെയ്തത്.

പൂക്കള്‍ക്കൊപ്പം രണ്ട് ടീമുകളുടെ ജഴ്‌സികളും മാര്‍ട്ടിനസിന്റെ അന്ത്യയാത്രയില്‍ ശവപ്പെട്ടിയില്‍ വെച്ചിരുന്നു. ഫ്രഞ്ച് ക്ലബായ പി.എസ്.ജിയുടേയും മെക്‌സിക്കന്‍ ക്ലബ് സി.എഫ്. മോട്ടെറിയുടേയും ജേഴ്‌സികളാണ് കൗമാരക്കാരന്റെ അന്ത്യയാത്രയില്‍ കൂട്ടായത്. സി.എഫ് മോട്ടെറിയുടെ അംഗീകാരമുള്ള ടീമിലെ കളിക്കാരന്‍ കൂടിയായിരുന്നു മാര്‍ട്ടിനസ് ഗോമസ്.

LEAVE A REPLY

Please enter your comment!
Please enter your name here