പുകഞ്ഞ കൊള്ളി പുറത്തുതന്നെ; ബി.ജെ.പിലേക്ക് കൂറുമാറിയ കോണ്‍ഗ്രസ് എം.എല്‍.എമാരെ നിയമസഭയില്‍ കയറ്റാതെ ഹൈക്കോടതി

0
204

മണിപ്പൂര്‍: ബി.ജെ.പിയിലേക്ക് കൂറുമാറിയ ഏഴ് മുന്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ നിയമസഭയില്‍ പ്രവേശിക്കുന്നതില്‍നിന്ന് വിലക്കി മണിപ്പൂര്‍ ഹൈക്കോടതി. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിച്ച് വിജയിച്ചശേഷം ബി.ജെ.പിയിലേക്ക് കൂറുമാറിയ എം.എല്‍.എമാരെയാണ് വിലക്കിയത്.

എം.എല്‍.എമാരെ അയോഗ്യരാക്കണമെന്ന് ആവശ്യത്തില്‍ സ്പീക്കര്‍ വൈ ഖേംചന്ദ് സിങ് അന്തിമ തീരുമാനമെടുക്കുന്നത് വരെ നിയമസഭയില്‍ പ്രവേശിക്കാന്‍ പാടില്ലെന്നാണ് ഇവരോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ബി.ജെ.പി മന്ത്രി തൗനജാം ശ്യാംകുമാറിനെ സംസ്ഥാന നിയമസഭയില്‍ നിന്ന് പുറത്താക്കിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്. ശ്യാംകുമാറിനെ നിയമസഭയില്‍ പ്രവേശിക്കുന്നതില്‍ നിന്ന് സുപ്രീംകോടതി വിലക്കുകയും മന്ത്രി പദവി എടുത്തുകളയുകയും ചെയ്തിരുന്നു. അന്നും സ്പീക്കറോട് സമാനമായ തീരുമാനമെടുക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു.

ജസ്റ്റിസ് കെ.എച്ച് നോബിന്‍ സിങാണ് കോണ്‍ഗ്രസില്‍ നിന്നും കൂറുമാറിയ എം.എല്‍.എമാരെ വിലക്കി ഉത്തരവിറക്കിയിരിക്കുന്നത്. ഈ വിധി സുപ്രീംകോടതി സ്‌റ്റേ ചെയ്യുന്നതുവരെ ഏഴ് എം.എല്‍.എമാര്‍ക്കും രാജ്യസഭാ തെരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താനും കഴിയില്ല.

മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, എസ്.ജി ഹസ്‌നൈന്‍, എന്‍. ഇബോട്ടോമ്പി എന്നിവരാണ് കോണ്‍ഗ്രസിന് വേണ്ടി കോടതിയെ സമീപിച്ചത്.

2017ല്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടായിരുന്നു കോണ്‍ഗ്രസ് മണിപ്പൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം തെളിയിച്ചത്. 60 അംഗ നിയമസഭയില്‍ 28 സീറ്റ് കോണ്‍ഗ്രസിനുണ്ടായിരുന്നു. ബി.ജെ.പി അടങ്ങുന്ന സഖ്യകക്ഷിക്ക് 21 സീറ്റുമായിരുന്നു നേടാനായത്.

LEAVE A REPLY

Please enter your comment!
Please enter your name here