പത്തനംതിട്ട: കിടപ്പാടം ‘നഷ്ടപ്പെട്ട്’ അലയുകയാണ് തിരുവല്ല എംഎൽഎ മാത്യു ടി. തോമസ്. സ്വന്തം വീട്ടിൽ കയറാൻ വിലക്കുണ്ട്. ആകെയുള്ള ആശ്വാസം വീട്ടു പടിക്കൽ പോയി നിന്നാൽ ഭാര്യയെ ഒന്നു കാണാമെന്നതാണ്.
സംഗതി ഇത്രേയുള്ളൂ, മകൾ അച്ചുവും മരുമകൻ നിതിനും പേരക്കുട്ടി അന്നക്കുട്ടിയും ബെംഗളൂരുവിൽ നിന്ന് എത്തിയിട്ടുണ്ട്. എംഎൽഎയുടെ വീട്ടിൽ അവർ 14 ദിവസത്തെ ക്വാറന്റീനിലാണ്. അതു കഴിയും വരെ മാത്യു ടി. തോമസിനു ഗൃഹപ്രവേശം നിഷിദ്ധം.
ആദ്യ 3 ദിവസം തിരുവല്ല ടിബിയിൽ കഴിഞ്ഞു. ചട്ടപ്രകാരം അതിൽ കൂടുതൽ നിൽക്കാൻ കഴിയാത്തതു കൊണ്ട് തിരുവനന്തപുരത്ത് എംഎൽഎ ക്വാർട്ടേഴ്സിൽ പോയി. അവിടെയും 3 ദിവസം. ഇതിനിടെ പുറത്തു നിന്നു ഭക്ഷണം കഴിച്ച് ആകെ അവശനായി. ഇതോടെ പുറത്തെ ഭക്ഷണം നിർത്തി. ഗേറ്റിനു പുറത്തു ഭാര്യ തയാറാക്കി വയ്ക്കുന്ന കഞ്ഞി എടുത്തു കൊണ്ടു ടിബിയിൽ പോയി കഴിക്കും.
തിരുവനന്തപുരത്ത് എംഎൽഎ ക്വാർട്ടേഴ്സിൽ സ്വന്തമായി കഞ്ഞി വച്ചു കുടിക്കുകയായിരുന്നു. ഭാര്യ ഡോ. അച്ചാമ്മ അലക്സും രണ്ടാമത്തെ മകൾ അമ്മു തങ്കം മാത്യുവും വീട്ടിലുണ്ട്. ഇവരും പുറത്ത് ഇറങ്ങുന്നില്ല. വീട്ടിലേക്ക് ആവശ്യമുള്ള സാധനങ്ങൾ മാത്യു ടി. വാങ്ങി ഗേറ്റിൽ എത്തിക്കും. എംഎൽഎയുടെ പിതാവ് റവ. ടി.തോമസിനെ സഹോദരന്റെ വീട്ടിലേക്കു മാറ്റിയിരുന്നു. അടുത്ത ശനിയാഴ്ച അച്ചുവിന്റെ ക്വാറന്റീൻ കഴിയും. അതിനു ശേഷമേ വീട്ടിലേക്കു പ്രവേശനമുള്ളൂ.