കൊവിഡ് മഹാമാരിയും അതിന് ശേഷമുണ്ടായ ലോക്ക്ഡൗണും നമ്മുടെ എല്ലാവരുടെയും ജീവിതത്തെ തന്നെ മാറ്റിമറിച്ചു. ലോകത്ത് ഇതുവരെ സ്ഥിരീകരിച്ച കൊവിഡ് കേസുകള്‍ 63.84 ലക്ഷമായി. ഇതുവരെ 3.77 ലക്ഷം ആളുകളാണ് മരണപ്പെട്ടത്. യുകെയില്‍ 2.76ലക്ഷം കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ 39,045 പേര്‍ മരണപ്പെട്ടു.
ബ്രിട്ടനിൽ മാസങ്ങളായുള്ള ലോക്ക്ഡൗൺ ആളുകളുടെ ലൈംഗിക ജീവിതത്തെയും ബാധിച്ചു തുടങ്ങിയെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. രാജ്യത്ത് അടുത്തിടെ നടത്തിയ ഒരു പഠനം അനുസരിച്ച് പത്തിൽ ആറ് ആളുകളും ലോക്ക്ഡൗൺ കാലയളവിൽ ശാരീരിക ബന്ധത്തിലേർപ്പെട്ടിട്ടില്ല. രാജ്യത്തെ ആകെ ജനസംഖ്യയിലെ 39.9% ആളുകൾ മാത്രമാണ് ലൈംഗിക കാര്യങ്ങളിൽ സജീവമായിരുന്നതെന്നാണ് പഠന റിപ്പോർട്ട് സൂചിപ്പിക്കുന്നത്. സാമൂഹിക അകലം പാലിക്കണമെന്ന നിയമം കർശനമായി നടപ്പിലാക്കിയതാണ് ഇതിന് പിന്നില്‍.
എന്നാൽ ഇതേ സാമൂഹിക അകലം പാലിക്കലിന് കൂടുതൽ കർശനമായ നിർദേശങ്ങളിറക്കിയിരിക്കുകയാണ് യുകെ സർക്കാർ ഇപ്പോള്‍. സര്‍ക്കാരിന്‍റെ പുതിയ നിർദേശപ്രകാരം ഒരുമിച്ച് താമസിക്കാത്ത ആളുകളുമായുള്ള ശാരീരിക ബന്ധം നിയമവിരുദ്ധമാണ്.
പരിചയമില്ലാത്തവരുമായി സെക്‌സിലേർപ്പെടുന്നത് കൊവിഡ് വ്യാപനമുള്ള സാഹചര്യത്തിൽ ദോഷം ചെയ്യുമെന്നത് കൊണ്ടാണ് സര്‍ക്കാരിന്‍റെ ഈ ഇടപെടല്‍. ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്കുള്ള ഇത്തരം യാത്രകള്‍ കൊവിഡ് വ്യാപനത്തിന് വഴിവയ്ക്കാം എന്നും സര്‍ക്കാര്‍ ഭയപ്പെടുന്നു. സ്വകാര്യ സ്ഥലങ്ങളിലോ പൊതു സ്ഥലങ്ങളിലോ രണ്ടോ അതിലധികമോ ആളുകൾ ഒത്തുകൂടാൻ പാടില്ല എന്ന കർശനനിർദേശവും സര്‍ക്കാര്‍ നൽകിയിട്ടുണ്ടെന്നും ഡെയ്ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.
നേരത്തെ സ്വകാര്യ സ്ഥലങ്ങൾ മാര്‍ഗനിർദേശത്തില്‍ ഉൾപ്പെട്ടിരുന്നില്ല. നിയമലംഘനം നടത്തിയാൽ പൊലീസ് ഇടപെടൽ ഉണ്ടാകുമെന്നും നിർദേശമുണ്ട്. എന്നാല്‍ പ്രായപൂർത്തിയായ ആളുകളെ ലോക്ക്ഡൗൺ കാലത്ത് ശരിയായ ലൈംഗിക ജീവിതം നയിക്കാൻ സർക്കാർ പ്രോത്സാഹിപ്പിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്.