എന്തെങ്കിലും അസ്വസ്ഥതകളോ വിഷമതകളോ തോന്നിയാല്‍ ഒരു ഡോക്ടറെ കാണുന്നതിനും മുമ്പേ ഇന്റര്‍നെറ്റില്‍ അതെപ്പറ്റി അന്വേഷിക്കുന്നവരാണ് ഇന്ന് അധികം പേരും. യഥാര്‍ത്ഥത്തില്‍ ഇതൊരു നല്ല ശീലമേയല്ല. പലപ്പോഴും ഉള്ള വിഷമതകളെ മാനസിക സമ്മര്‍ദ്ദം കൂടി ചേര്‍ത്ത് ഇരട്ടിപ്പിക്കാനേ ഈ പ്രവണത ഉപകരിക്കൂ. എങ്കിലും മിക്കവാറും പേര്‍ക്ക് ഇതുതന്നെ സ്ഥിരം രീതി.
അത്തരത്തില്‍ ഏപ്രില്‍ മാസത്തില്‍ ഏറ്റവുമധികം പേര്‍ ഗൂഗിളിനോട് പരിഹാരം തേടിയ ആരോഗ്യപ്രശ്‌നത്തെ കുറിച്ച് ഇപ്പോള്‍ ഗൂഗിള്‍ തന്നെ തുറന്നുപറഞ്ഞിരിക്കുകയാണ്. ഏപ്രില്‍ മാസത്തിലാണ് കൊറോണ വൈറസിന്റെ ഗൗരവവും അതുണ്ടാക്കുന്ന ഗുരുതരമായ പ്രശ്‌നങ്ങളും നമ്മള്‍ തിരിച്ചറിഞ്ഞത്. മിക്കയിടങ്ങളിലും ലോക്ഡൗണ്‍ കാലവുമായിരുന്നു ഏപ്രില്‍.
എന്തായാലും കൊറോണയെക്കുറിച്ചൊന്നുമല്ല ആളുകള്‍ ഗൂഗിളിനോട് ആ മുപ്പത് ദിവസങ്ങള്‍ക്കുള്ളില്‍ ഏറ്റവുമധികം ചോദിച്ചിരിക്കുന്നത്. ഉറക്കമില്ലായ്മയാണ് ഇക്കാലയളവില്‍ അധികം പേരെയും പിടിച്ചുലച്ച പ്രശ്‌നമത്രേ. ‘ഇന്‍സോമാനിയ’ അഥവാ ഉറക്കമില്ലായ്മയെ കുറിച്ചാണ് ഏറ്റവുമധികം പേര്‍ ചോദിച്ചിരിക്കുന്നത്.
ഉറക്കമില്ലായ്മ പൊതുവേ ഇന്ന് വളരെ കൂടുതലായി കാണുന്ന പ്രശ്‌നമാണെങ്കിലും ഏപ്രില്‍ മാസത്തിലെ ഉറക്കമില്ലായ്മയ്ക്ക് ഒരുപക്ഷേ നേരിട്ടോ അല്ലാതെയോ കൊറോണ വൈറസ് മഹാമാരിയും കാരണമായിട്ടുണ്ടാകാമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അതായാത്, കൊവിഡ് 19 രോഗത്തെ ചൊല്ലിയുള്ള പേടിയും, മുന്നോട്ടുള്ള ജീവിതത്തെ ചൊല്ലിയുള്ള ഉത്കണ്ഠയുമെല്ലാം ആളുകളെ വ്യാപകമായി മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്തിയിട്ടുണ്ടെന്നാണ് ഇവര്‍ പറയുന്നത്.
എന്തായാലും ഇത്രയധികം പേര്‍ ഉറക്കമില്ലാതെ വലയുന്നുവെന്ന് മനസിലാക്കിയ ഗൂഗിള്‍ ഇനി ഇത്തരക്കാര്‍ക്ക് വേണ്ടിയൊരു ‘ബെഡ് ടൈം ഫീച്ചര്‍’ തുടങ്ങുമെന്നാണ് സൂചന. ഉറക്കം ലഭിക്കാതിരിക്കുന്ന സാഹചര്യമുണ്ടെങ്കില്‍ തീര്‍ച്ചയായും ജീവിതരീതി ചിട്ടപ്പെടുത്തിയേ മതിയാകൂ എന്നാണ് ആരോഗ്യവിദഗ്ധരും നിര്‍ദേശിക്കുന്നത്. വളരെ കൃത്യമായ ചിട്ടയൊന്നും പാലിക്കാനായില്ലെങ്കിലും ഏകദേശമൊരു പതിവ് എങ്കിലും രൂപപ്പെടുത്തിയെടുക്കാന്‍ കഴിഞ്ഞാല്‍ ഉറക്കപ്രശ്‌നം പരിഹരിക്കാമെന്നാണ് ഇവര്‍ പറയുന്നത്. ഒപ്പം മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ വ്യായാമം ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ തേടുന്നതും, രാത്രിയിലെ ഡയറ്റുമെല്ലാം ഇതിന് പരിഹാരമാണ്.