കൊല്‍ക്കത്ത: ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗിന്റെ ഫോട്ടോയ്ക്ക് പകരം കത്തിച്ചത് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നിന്റേത്. പശ്ചിമ ബംഗാളിലെ അസന്‍സോളില്‍ നിന്നുള്ള ബി.ജെ.പി പ്രവര്‍ത്തകര്‍ക്കാണ് പ്രതിഷേധത്തിനിടെ കോലത്തിലെ ചിത്രം മാറിപ്പോയത്.
ചൈനയെ ബഹിഷ്‌ക്കരിക്കുക എന്ന മുദ്രാവാക്യത്തോടെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചത്. ട്വിറ്ററില്‍ വലിയ രീതിയില്‍ പ്രചരിച്ച വീഡിയോയില്‍ ബി.ജെ.പിക്കെതിരായ വിമര്‍ശനവും ഉയര്‍ത്തുന്നുണ്ട്.
ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷം നടന്നത്. ഇന്ത്യ-ചൈന സൈനിക സംഘര്‍ഷത്തില്‍ ചൈനീസ് സൈനിക ഭാഗത്തും അപകടം നടന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും ചൈന ഇതുവരെ മരണ വിവരം പുറത്തു വിട്ടിട്ടില്ല.
സംഘര്‍ഷത്തില്‍ 43 ഓളം ചൈനീസ് സൈനികര്‍ മരിച്ചതായി ഇന്ത്യന്‍ സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചു കൊണ്ട് എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചിട്ടുണ്ടെന്നാണ് സൈന്യം അറിയിച്ചത്.
17 സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നെന്നും അതിശൈത്യം കാരണം അവരുടെ മരണത്തിന് കാരണമായെന്നും സൈന്യം പ്രസ്താവനയില്‍ അറിയിച്ചിരുന്നു.