ആന്‍റിബോഡി ടെസ്റ്റില്‍ കൂടുതല്‍ പോസിറ്റീവ് കേസുകള്‍; സംസ്ഥാനത്ത് ആശങ്കയേറുന്നു

0
170

സമൂഹവ്യാപനമുണ്ടായോ എന്ന് കണ്ടെത്താന്‍ നടത്തിയ രണ്ടു ദിവസത്തെ റാപ്പിഡ് ആന്റിബോഡി പരിശോധനയില്‍ ഇരുപത്തഞ്ചിലേറെപ്പേര്‍ കോവിഡ് പോസിറ്റീവ് എന്ന് കണ്ടെത്തല്‍. എന്നാല്‍ പിസിആര്‍ ടെസ്റ്റിന് ശേഷമേ രോഗവിവരം സ്ഥിരീകരിക്കൂ. പതിനൊന്ന് ദിവസത്തിനിടെ സമ്പര്‍ക്ക രോഗബാധിരുടെ എണ്ണം 101 ആയി ഉയര്‍ന്നതിനിടെയാണ് ഈ ആശങ്കപ്പെടുത്തുന്ന വിവരവും. ജൂണില്‍ മാത്രം 23  ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചതോടെ വിദഗ്ധ സംഘം ആശുപത്രികള്‍ പരിശോധിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദേശം നല്കി. ഉറവിടമറിയാത്ത രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ രോഗബാധ എങ്ങനെയുണ്ടായെന്ന് അന്വേഷിക്കാനും നിര്‍ദേശം.  

സമൂഹവ്യാപനമുണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആന്റിബോഡി പരിശോധന നടത്തുന്നത്. വിവിധ ജില്ലകളില്‍ നടത്തിയ രക്തപരിശോധനയിലാണ് ഇരുപത്തഞ്ചിലേറെപ്പേര്‍ക്ക് പോസിററീവായത്. ആരോഗ്യപ്രവര്‍ത്തകരും ഇതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ കൃത്യത കുറവുളള ആന്റിബോഡി പരിശോധനയില്‍ പോസിററീവായാലും പി സി ആര്‍ പരിശോധന നടത്തി മാത്രമേ സ്ഥിരീകരിക്കൂ. മുമ്പ് രോഗം വന്നു പോയവരിലും ആന്റിബോഡി പരിശോധന പോസിററീവാകാം. വൈറസ് സാന്നിധ്യം കണ്ടെത്തുന്ന പരിശോധന പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്ത് ഈ മാസം മാത്രം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുെട എണ്ണം 78 ആയി ഉയര്‍ന്നു. കൂടാതെ 23 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം സ്ഥിരീകരിച്ചു. പ്രവാസികളെത്തിത്തുടങ്ങിയ മേയ് 7 മുതല്‍ ഇന്നലെ വരെ 39 ആരോഗ്യപ്രവര്‍ത്തകരടക്കം 188 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് ബാധിച്ചത്. 

കഴിഞ്ഞ ദിവസത്തെ അവലോകന യോഗത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് രോഗം പിടിപെട്ടത് ആശങ്കപ്പെടുത്തുന്നതെന്ന്  വിലയിരുത്തിയ മുഖ്യമന്ത്രി പരിശോധനയ്ക്ക് നിര്‍ദേശം നല്കി. വിദഗ്ധ സംഘം രോഗം പിടിപെട്ട ആശുപത്രികള്‍ സന്ദര്‍ശിക്കുകയും അണുബാധ നിയന്ത്രണത്തില്‍ വീഴ്ചകളുണ്ടോയെന്ന് പരിശോധിക്കണമെന്നുമാണ് നിര്‍ദേശം. ഉറവിടമറിയാത്ത രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊല്ലം, കോട്ടയം , കോഴിക്കോട് ജില്ലകളില്‍ രോഗബാധ എങ്ങനെയുണ്ടായെന്ന് അന്വേഷിക്കാനും ആരോഗ്യവകുപ്പിനോട് നിര്‍ദേശിച്ചിട്ടുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here