സിറി ലൈംഗിക ബന്ധം പോലും റെക്കോര്‍ഡ് ചെയ്തു; ആപ്പിളിനെതിരായ ആരോപണം പുതിയ തലത്തിലേക്ക്

0
262

ലണ്ടന്‍: ആപ്പിള്‍ തങ്ങളുടെ വെര്‍ച്വല്‍ അസിസ്റ്റന്‍റ് സിറി റെക്കോഡ് ചെയ്യുന്ന സംഭാഷണങ്ങള്‍ മൂന്നാമത് ഒരു വ്യക്തിക്ക് കേള്‍പ്പിക്കുന്നു എന്ന ആരോപണം ശക്തമാകുന്നു. ഇത് സംബന്ധിച്ച് തോമസ് ലെബോനിക് എന്ന മുന്‍ ആപ്പിള്‍ കരാര്‍ ജീവനക്കാരന്‍ ആണ് കഴിഞ്ഞ വര്‍ഷം വെളിപ്പെടുത്തല്‍ നടത്തിയത്. ഇതേ ആരോപണം ഇപ്പോള്‍ ഒരു തുറന്നകത്തിലൂടെ യൂറോപ്യന്‍ യൂണിയന്‍ പ്രൈവസി റെഗുലേറ്ററി സ്ഥാപനത്തെ അറിയിച്ചിരിക്കുകയാണ് ഇദ്ദേഹം. കഴിഞ്ഞ ബുധനാഴ്ചയാണ് ഈ കത്ത് വെളിയില്‍ എത്തിയത്.

കഴിഞ്ഞവര്‍ഷം ആപ്പിളിനെതിരെ ആരോപിച്ച ആരോപണങ്ങളില്‍ ഉറച്ച് നില്‍ക്കുകയാണ് അയര്‍ലാന്‍റിനെ കൂര്‍ക്ക് സ്വദേശിയായ തോമസ് ലെബോനിക് ചെയ്യുന്നത്. ആപ്പിളിന്‍റെ സിറിയുടെ ഗ്രേഡിംഗ് പ്രോജക്ടില്‍ കരാര്‍ ജീവനക്കാരനായ ഇദ്ദേഹത്തിന്‍റെ അവകാശവാദ പ്രകാരം സിറി ആക്ടീവല്ലാത്ത സമയത്ത് പോലും ഒരു ആപ്പിള്‍ ഉപയോക്താവിന്‍റെ സംഭാഷണങ്ങള്‍ റെക്കോഡ‍് ചെയ്യുന്നുവെന്നാണ് ആരോപിക്കുന്നത്. ഇത് മാത്രമല്ല ഗ്രേഡിംഗ് പ്രോജക്ടിന്‍റെ ഭാഗമായി ഇത് ലോകത്തിലെ പലഭാഗത്തുള്ള കരാര്‍ ജീവനക്കാര്‍ക്ക് റെക്കോ‍ഡ് ചെയ്ത സംഭാഷണം കേള്‍ക്കാനും സാധിക്കുന്നുണ്ട്. ഈ ആരോപണത്തില്‍ ആപ്പിളിനെതിരെ നടപടി എടുക്കാനാണ് കത്തില്‍ തോമസ് ലെബോനിക് ആവശ്യപ്പെടുന്നത്.

ഒരാള്‍ മനപ്പൂര്‍വ്വം സിറിയെ ആക്ടിവേറ്റ് ചെയ്ത് ചോദ്യങ്ങള്‍ ചോദിക്കുന്നതിനെക്കാള്‍ ഗുരുതരമാണ്  സിറി യാദൃശ്ചികമായി ആക്ടിവേറ്റാകുമ്പോള്‍ റെക്കോഡ് ചെയ്യുന്ന സംഭാഷണങ്ങള്‍ എന്നാണ് ബിസില്‍ബ്ലോവര്‍ എന്ന് വിശേഷിപ്പിക്കുന്ന  തോമസ് ലെബോനിക്  പറയുന്നത്. ഡോക്ടര്‍മാരും രോഗികളും തമ്മിലുള്ള സംഭാഷണം, ബിസിനസുകാര്‍ തമ്മിലുള്ള രഹസ്യമാക്കിവയ്‌ക്കേണ്ട സംഭാഷണങ്ങള്‍, ക്രിമിനലുകള്‍ തമ്മിലുള്ള സംസാരം, ലൈംഗികബന്ധ സമയത്തെ സംസാരം തുടങ്ങിയവയെല്ലാം പ്രോജക്ടിന്‍റെ ഭാഗമായി സിറി റെക്കോഡ് ചെയ്തത് താന്‍ കേട്ടിട്ടുണ്ട് എന്നതാണ് ഇദ്ദേഹത്തിന്‍റെ ആരോപണം. 

ഇതിനൊപ്പം തന്നെ ഈ സംഭാഷണങ്ങള്‍ക്കൊപ്പം ലഭിക്കുന്ന യൂസര്‍ ഡാറ്റ, സ്ഥലം, കോണ്ടാക്ട് ഡീറ്റെയ്ല്‍സ്, ആപ് ഡേറ്റ എന്നിവയും തങ്ങള്‍ക്ക് ലഭിച്ചിരുന്നുവെന്ന് ഇയാള്‍ ആരോപിക്കുന്നു. ഇത് യൂറോപ്പില്‍ വലിയ സ്വകാര്യത ലംഘനമാണ്. യൂറോപ്യന്‍ ഏജന്‍സിയുടെ അന്വേഷണത്തില്‍ ഇത് ശരിവച്ചാല്‍ ശരിക്കും ഇത് ആപ്പിളിന് വലിയ പണിയാകും.

പ്രധാനമായും സിറി നല്‍കുന്ന ഉത്തരങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനും അത് വര്‍ദ്ധിപ്പിക്കാനുമാണ് ആപ്പിള്‍ പ്രോജക്ട് നടത്തിയത് എന്നാണ് കരുതുന്നത്. ഒരാളുടെ ചോദ്യത്തിന് ശരിക്കുള്ള ഉത്തരമാണോ സിറി നല്‍കിയതെന്നു പരിശോധിക്കാനായിരിക്കാം  യൂസര്‍ ഡാറ്റ, സ്ഥലം, കോണ്ടാക്ട് ഡീറ്റെയ്ല്‍സ്, ആപ് ഡേറ്റ എന്നിവ ആപ്പിള്‍ കരാര്‍ ജീവനക്കാര്‍ക്ക് നല്‍കിയത്. 

പുതിയ കത്തില്‍ ആപ്പിള്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം തോമസ് ലെബോനികിനെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ പത്രം ഈ പ്രശ്നം ആദ്യമായി വാര്‍ത്തയാക്കിയപ്പോള്‍ സംഭവത്തില്‍ ആപ്പിള്‍ ക്ഷമചോദിച്ചിരുന്നു. അന്ന് ആപ്പിള്‍ പ്രതികരിച്ചത് ഇങ്ങനെയാണ്, ആപ്പിള്‍ അതിന്‍റെ ഉയര്‍ന്ന മൂല്യങ്ങളില്‍ നിന്നും ഒരിക്കലും പിന്നോട്ട് പോകില്ല. ഇപ്പോള്‍ നടന്ന സംഭവങ്ങളില്‍ മാപ്പ് പറയുന്നു. എന്നാല്‍ ആഗോളതലത്തില്‍ നടത്തിയ അപ്ഡേറ്റിന്‍റെ ഭാഗമായി ഇത്തരം ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും. സിരിയുടെ അപ്ഡേറ്റിംഗ് ആഗോളതലത്തില്‍ തന്നെ നിര്‍ത്തിവച്ചിരിക്കുകയാണ് എന്നാണ്.

ഈ മാപ്പ് അപേക്ഷയ്ക്കൊപ്പം തങ്ങള്‍ ഉപയോക്താവ് അനുവദിച്ചാല്‍ മാത്രമേ സിരി വഴി ഓഡ‍ിയോ റെക്കോഡ് ചെയ്യാറുള്ളൂ എന്നാണ് അന്ന് പറഞ്ഞത്. ഇത്തരം അനുവദാത്തോടെ റെക്കോഡ് ചെയ്യുന്ന സംഭാഷണങ്ങള്‍ സിരിയുടെ ഒരോ ഘട്ടത്തിലുള്ള ക്വാളിറ്റി വര്‍ദ്ധിപ്പിക്കാന്‍ ഉപയോഗിക്കുന്നു എന്നും ആപ്പിള്‍ പറയുന്നു. 

ഇത്തരത്തില്‍ ഉപയോക്താവില്‍ നിന്നും അവരുടെ അനുവാദത്തില്‍ ശേഖരിച്ച ശബ്ദങ്ങള്‍ മാത്രമാണ് ആപ്പിള്‍ ജീവനക്കാര്‍ കേള്‍ക്കുന്നത് എന്നും ആപ്പിള്‍ വിശദീകരിച്ചിരുന്നു. അതിനാല്‍ ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്ത സംഭവം തീര്‍ത്തും അസ്വഭാവിക സംഭവമാണെന്നും ആപ്പിള്‍ അന്ന് അറിയിച്ചു. 

LEAVE A REPLY

Please enter your comment!
Please enter your name here