പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഒരു വയലിൽ സമാജ്‌വാദി പാർട്ടിയുടെ ഒരു പ്രാദേശിക നേതാവിനേയും മകനെയും വെടിവെച്ചു കൊല്ലുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. സംസ്ഥാന തലസ്ഥാനമായ ലഖ്‌നൗവിൽ നിന്ന് 379 കിലോമീറ്ററും ഡൽഹിയിൽ നിന്ന് 187 കിലോമീറ്ററും അകലെയുള്ള സാംബാൽ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് വെടിവെയ്പ്പ് നടന്നത് എന്ന് എൻ.ഡി.ടി.വി.റിപ്പോർട്ട് ചെയ്‌തു.
എംഎൻആർഇജിഎ പദ്ധതി പ്രകാരം ഒരു റോഡ് നിർമ്മിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് ഈ സംഭവം. സമാജ്‌വാദി പാർട്ടി നേതാവ് ചോട്ടെ ലാൽ ദിവാകറും മകൻ സുനിലും ഗ്രാമത്തിലെ ഒരു വയലിനു കുറുകെയുള്ള റോഡ് പരിശോധിക്കാൻ പോയിരുന്നു. അതേ ഗ്രാമത്തിൽ നിന്നുള്ള മറ്റ് രണ്ട് പുരുഷന്മാരുമായി വയലിനു നടുവിലുള്ള ഇടുങ്ങിയ റോഡിൽ അവർ തർക്കത്തിലേർപ്പെട്ടു.
മറ്റ് രണ്ടുപേർ റൈഫിളുകൾ കൈയിൽ പിടിച്ചിരുന്നു. പുരുഷന്മാരിലൊരാൾ സവിന്ദർ എന്നയാളാണ്.
2 മിനിറ്റ്, 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ രണ്ട് പുരുഷന്മാരെ കാണാം – ഒരാൾ വെളുത്ത ഷർട്ടും മറ്റൊരാൾ പിങ്ക് ഷർട്ടും ധരിച്ചിരുന്നു, ഇവർ റൈഫിളുകൾ പിടിച്ച് ചെളി നിറഞ്ഞ റോഡിൽ നടന്ന് രാഷ്ട്രീയക്കാരനുമായി തർക്കിക്കുന്നു.
“ഗോലി ചലാ (വെടിവെയ്‌ക്ക്),” ഒരു മനുഷ്യൻ പറയുന്നത് കേൾക്കാം, മറ്റുചിലർ പ്രകോപിതരായ രണ്ടുപേരെ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നത് കേൾക്കാം. നിമിഷങ്ങൾക്കു ശേഷം, രണ്ടുപേരും തിരിഞ്ഞ് നടന്ന്, രാഷ്ട്രീയക്കാരനെയും മകനെയും തോക്ക് ചൂണ്ടി, അവർക്ക് നേരെ വെടിയുതിർക്കുന്നു.