ലോക്ക്ഡൗൺ നീട്ടണമെന്ന് 4 സംസ്ഥാനങ്ങൾ; അന്തിമ തീരുമാനം നാളത്തെ യോഗശേഷം

0
167

ദില്ലി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം ആശങ്കയുയർത്തുന്ന വിധം കൂടുന്ന സാഹചര്യത്തിൽ ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യവുമായി നാല് സംസ്ഥാനങ്ങൾ. ബിഹാറും ഝാർഖണ്ടും ഒഡിഷയും തെലങ്കാനയുമാണ് ലോക്ക്ഡൗൺ മെയ് 31 വരെ നീട്ടണമെന്ന് കേന്ദ്രസ‍ർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. 

ലോക്ക് ഡൗൺ മൂന്നാം ഘട്ടം അവസാനിക്കാൻ ഇനി ഏഴ് ദിവസം മാത്രമുള്ള സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും നാളെ മുഖ്യമന്ത്രിമാരുമായി ചർച്ച നടത്തുന്നുണ്ട്. പതിവ് പോലെ വീഡിയോ കോൺഫറൻസിംഗ് വഴിയാകും ലോക്ക്ഡൗൺ സാഹചര്യങ്ങൾ വിലയിരുത്താനുള്ള ഈ യോഗം നടക്കുക. നാളെ ഉച്ചയ്ക്ക് 3 മണിക്കാകും കൂടിക്കാഴ്ച. ഗുരുതരമായ രീതിയിൽ കൊവിഡ് ബാധിച്ച സംസ്ഥാനങ്ങളുടെ പ്രശ്നങ്ങളാകും യോഗത്തിൽ പ്രധാനമായും ചർച്ച ചെയ്യുക. 

കൊവിഡ് പ്രതിരോധത്തിന്‍റെ പേരിൽ സാമ്പത്തികരംഗം നിശ്ചലമാക്കരുതെന്ന് കേന്ദ്രം സംസ്ഥാനങ്ങളോട് നിർദേശിക്കാനാണ് സാധ്യത. മൂന്നാം ലോക്ക്ഡൗൺ വീണ്ടും നീട്ടണോ എന്ന കാര്യത്തിൽ ഈ നിർണായകയോഗത്തിലെ അഭിപ്രായങ്ങൾ കൂടി വിലയിരുത്തിയാകും കേന്ദ്രസർക്കാർ തീരുമാനമെടുക്കുക.

ലോക്ക്ഡൗൺ തുടങ്ങിയപ്പോൾ ലോകത്താകെയുള്ള കൊവിഡ് കേസുകളിൽ 1.3 ശതമാനമായിരുന്നു ഇന്ത്യയിൽ. ഇന്ന് ഇത് 1.55 ശതമാനമായി ഉയർന്നിരിക്കുന്നു. ആകെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ഇന്ത്യ പതിനാലാമത്. പുതിയ രോഗികളിൽ 4.1 ശതമാനം ഇന്ത്യയിൽ. ഇതേ നിരക്കിൽ കേസുകൾ ഉയർന്നാൽ ഒരാഴ്ചയിൽ രോഗികളുടെ എണ്ണം ഇന്ത്യയിൽ ചൈനയ്ക്ക് മുകളിലാകും. കൊവിഡ് കേസുകൾ ഇരട്ടിക്കുന്ന നിരക്ക് 10.3 ദിവസമാണ്. മഹാരാഷ്ട്രയിലും ഗുജറാത്തിലും ദില്ലിയിലും വ്യാപന നിരക്ക് ചെറുതായി കുറഞ്ഞതിനാൽ കഴിഞ്ഞ രണ്ടു ദിവസത്തെ
ശരാശരി ഇരട്ടിപ്പ് നിരക്ക് 13 ദിവസമായി കൂടിയത് മാത്രമാണ് ആശ്വാസം. ദേശീയ ലോക്ക്ഡൗൺ പൂർണ്ണമായും പിൻവലിക്കാൻ ആവില്ലെന്ന് ആരോഗ്യവിദഗ്ധർ വ്യക്തമാക്കുന്നു. എന്നാൽ പട്ടിണി ദൃശ്യമാകുന്ന സാഹചര്യത്തിൽ കൂടുതൽ ഇളവുകൾ വേണമെന്ന നിലപാട് പ്രധാനമന്ത്രി നാളെ പറയും.

വിമാനസർവ്വീസുകൾ വീണ്ടും തുടങ്ങുന്നതിലൊരു ധാരണ നാളത്തെ യോഗത്തിലുണ്ടാകും. ഇതിന് ഇനിയും രണ്ടാഴ്ചയെങ്കിലും വേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥർ തന്നെ പറയുന്നത്. 

ഇന്ന് കേന്ദ്രക്യാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയുടെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളിലെയും ചീഫ് സെക്രട്ടറിമാരും ഹെൽത്ത് സെക്രട്ടറിമാരും കൂടിക്കാഴ്ച നടത്തിയിരുന്നു. വിവിധ സംസ്ഥാനങ്ങൾ നിലവിലുള്ള റെഡ്, ഗ്രീൻ, ഓറഞ്ച് സോണുകളുടെ വിഭജനത്തിൽ എതിർപ്പ് രേഖപ്പെടുത്തിയെന്നാണ് സൂചന. 
കുടിയേറ്റത്തൊഴിലാളികൾ കൂടി തിരികെ വരുന്നതോടെ, നിലവിൽ ഗ്രീൻ സോണിലുള്ള നിരവധി പ്രദേശങ്ങൾ ഓറഞ്ചോ റെഡ് സോണിലേക്കോ തന്നെ മാറാൻ സാധ്യതയുണ്ടെന്ന് മിക്ക സംസ്ഥാനങ്ങളും ചൂണ്ടിക്കാട്ടി. റെഡ് സോണുകളായ നഗരങ്ങളിൽ നിന്നാണ് കുടിയേറ്റത്തൊഴിലാളികൾ ട്രെയിൻ മാർഗവും നടന്നും, റോഡ് മാർഗവും നിലവിൽ നാടുകളിലേക്ക് പോകുന്നത്. ഇങ്ങനെ കുടിയേറ്റത്തൊഴിലാളികളെ കൊണ്ടുപോകുന്നതും, പൊതുഗതാഗതം അങ്ങനെ ചെറിയ രീതിയിലെങ്കിലും പുനഃസ്ഥാപിക്കുന്നതും രാജ്യം സാധാരണ നിലയിലാകുന്നതിനെ ചെറുക്കുമെന്നും, ഇതിൽ പുനഃപരിശോധന വേണമെന്നും നിരവധി സംസ്ഥാനങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട് എന്നാണ് വിവരം.

അതിനാൽ നിലവിലെ സോൺ നിശ്ചയിക്കൽ രീതിയിൽ തന്നെ മാറ്റങ്ങൾ വേണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. നിലവിൽ ഗ്രീൻ സോണായ ഇടത്ത് ക്വാറന്‍റീൻ കേന്ദ്രങ്ങളുണ്ടെങ്കിൽ അവയെ റെഡ് സോണായി പ്രഖ്യാപിക്കണമെന്നാണ് വിവിധ സംസ്ഥാനങ്ങൾ പറയുന്നത്. എന്നാൽ സോണുകളുടെ കാര്യത്തിൽ നിലവിൽ വ്യത്യാസം വരുത്തുന്നതിൽ യോഗത്തിൽ അന്തിമതീരുമാനമെടുത്തിട്ടില്ല.

അതേസമയം, അതിഥി തൊഴിലാളികൾക്ക് നൂറു ട്രെയിനുകൾ വരെ  പ്രതിദിനം ഓടിക്കാൻ ഇന്നത്തെ യോഗത്തിൽ ധാരണയായിട്ടുണ്ട്. കുടിയേറ്റത്തൊഴിലാളികളെയും കൊണ്ടുള്ള തീവണ്ടികൾ പശ്ചിമബംഗാൾ സർക്കാർ കടക്കാൻ അനുവദിക്കാതിരിക്കുന്നതും പ്രതിസന്ധിക്ക് ഇടയാക്കുന്നുണ്ട്. ബംഗാൾ വഴിയടച്ചതോടെ അസമിലേക്കും മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലേക്കും തീവണ്ടികളോടിക്കാനാകുന്നില്ല. ഇത് മൂലം കേരളത്തിൽ നിന്ന് അടക്കമുള്ള അതിഥിത്തൊഴിലാളികൾക്ക് വേണ്ടി അനുമതി ലഭിച്ച സിൽച്ചാറിലേക്കുള്ള രണ്ട് തീവണ്ടികൾക്ക് അടക്കം സർവീസ് തുടങ്ങാനുമായിട്ടില്ല. 

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here