തിരുവനന്തപുരം: ലോക്ക്ഡൗൺ ഇളവ് സംബന്ധിച്ച കേന്ദ്രമാനദണ്ഡങ്ങൾ സംസ്ഥാനം പാലിക്കുമെന്ന് ചീഫ് സെക്രട്ടറി ടോം ജോസ് പറഞ്ഞു. റെഡ്, ഗ്രീൻ സോണുകൾ പുനഃക്രമീകരിക്കുന്നത് സംസ്ഥാനത്തെ വിദഗ്ധ സമിതി പരിശോധിക്കും. കേന്ദ്രം ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളിൽ വെള്ളം ചേർക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇളവുകൾ ഏർപ്പെടുത്തിയാലും പൊതുഗതാഗതം ഉണ്ടാവില്ല. റെഡ് സോൺ സംബന്ധിച്ച് ആശയക്കുഴപ്പം ഇല്ല. ഹോട്ട് സ്പോട്ട് മേഖലകളിൽ ഇളവ് ഇല്ല. കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ സോണുകൾ മാറും.
കോട്ടയം, കണ്ണൂർ ജില്ലകളെ റെഡ്സോണിലുൾപ്പെടുത്തി കേന്ദ്രസർക്കാർ പുതിയ പട്ടിക പുറത്തിറക്കി. മെയ് 3നു ശേഷവും ഈ രണ്ടു ജില്ലകളിൽ നിയന്ത്രണങ്ങൾ തുടരും. എറണാകുളവും വയനാടും മാത്രമാണ് ഗ്രീൻ സോണിലുള്ള ജില്ലകൾ. ബാക്കി പത്തു ജില്ലകളും ഓറഞ്ച് സോണിലാണ് ഉൾപ്പെട്ടിരിക്കുന്നത്. കേരളത്തിന്റെ പട്ടികയിൽ നിന്ന് വ്യത്യസ്തമാണ് കേന്ദ്രത്തിന്റെ പുതുക്കിയ പട്ടിക.
21 ദിവസത്തെ സാഹചര്യം പരിശോധിച്ചുകൊണ്ടാണ് ഇപ്പോൾ കേന്ദ്രസർക്കാർ പുതിയ പട്ടിക ഇറക്കിയിരിക്കുന്നത്. മെയ് 3ന് ലോക്ക്ഡൗൺ ഭാഗികമായെങ്കിലും പിൻവലിക്കാൻ പോകുന്ന സാഹചര്യത്തിൽ കൂടിയാണ് പുതിയ പട്ടിക.