ന്യൂഡൽഹി:ലോക്ക് ഡൗൺ നാലാം ഘട്ടത്തിലായിട്ടും രാജ്യത്ത് കൊവിഡ് രോഗബാധിതരുടെ എണ്ണം കൂടുന്നത് ആശങ്കയ്ക്കിടയാക്കുന്നു. കഴിഞ്ഞ നാലുദിവസത്തിനിടെ ഇരുപത്തയ്യായിരത്തിനടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. മൊത്തം രോഗബാധിതരുടെ എണ്ണം 1,11,447 ആയി. ഇതുവരെ 3,583 പേരാണ് മരിച്ചത്.
കഴിഞ്ഞ നാല് ദിവസമായി ക്രമാതീതമായാണ് കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നത്. പ്രതിദിന രോഗബാധ അയ്യായിരത്തിൽ നിന്ന് ആറായിരത്തിലേക്ക് കടന്നു. രോഗവ്യാപനം ഈ വിധമെങ്കിൽ ഈ മാസം അവസാനത്തോടെ രണ്ടര ലക്ഷം രോഗികളെങ്കിലും രാജ്യത്തുണ്ടായേക്കാം എന്നാണ് വിലയിരുത്തൽ. രോഗ വ്യാപനം ജുലായ് മാസത്തോടെ അതി തീവ്രമാകുമെന്ന് നേരത്തേ മുന്നറിയിപ്പുണ്ടായിരുന്നു.
ലോക്ക് ഡൗണിൽ കാര്യമായ ഇളവുകൾ നൽകിയതാണ് രോഗികളുടെ എണ്ണം കൂടാനിടയാക്കിയതെന്നാണ് ചില ആരോഗ്യപ്രവർത്തകർ പറയുന്നത്. പലസംസ്ഥാനങ്ങളിലും ജനങ്ങൾ ഇളവുകൾ ആസ്വദിക്കുന്നത് സമൂഹ വ്യാപനത്തിന് ഇടയാക്കുമോ എന്ന ഭീതിക്ക് ഇടയാക്കുന്നുണ്ട്.
മഹാരാഷ്ട്ര, ഗുജറാത്ത്, മദ്ധ്യപ്രദേശ്, ബംഗാൾ, ഡൽഹി എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് രാജ്യത്തെ 80 ശതമാനവും കോവിഡ് മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് . മഹാരാഷ്ട്രയിൽ കാര്യങ്ങൾ കൈവിട്ട അവസ്ഥയിലാണ്.
അതേസമയം ലോക്ക് ഡൗൺ മൂലം 78,000 ജീവനുകൾ രക്ഷിക്കാൻ കഴിഞ്ഞുവെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. 13.3 ദിവസം കൂടുമ്പോഴാണ് ഇപ്പോൾ കേസുകൾ ഇരട്ടിക്കുന്നത്. 24 മണിക്കൂറിനിടെ 3234 പേർക്ക് രോഗം ഭേദമായി. രോഗ മുക്തി നിരക്ക് വർധിക്കുന്നു എന്നുള്ളതാണ് ആശ്വാസത്തിന് വക നൽകുന്നത്. അതേസമയം കേന്ദ്ര സർക്കാർ രോഗ വ്യാപനത്തെക്കുറിച്ച് കൃത്യമായ വിശദീകരണം നൽകുന്നില്ല എന്ന് ആക്ഷേപമുണ്ട്.