രാജ്യത്തെയാകെ കണ്ണീരണിയിച്ച ചിത്രത്തിലെ കഥാനായകന്‍ നാടെത്തി, കടുത്ത ക്ഷീണത്തെ തുടർന്ന് ആശുപത്രിയിൽ

0
182

ന്യൂഡല്‍ഹി: (www.mediavisionnews.in) ലോക്ക്ഡൗണിനിടെയുള്ള കുടിയേറ്റ പാലായനങ്ങളില്‍ ഇന്ത്യയുടെ കണ്ണുടക്കിയ ചിത്രമായിരുന്നു ബീഹാറിലെ കുടിയേറ്റ തൊഴിലാളിയായ രാംപുകര്‍ പണ്ഡിറ്റിന്റേത്. ഡൽഹിയിൽ നിന്ന് കാല്‍നടയായി യാത്ര തിരിച്ച രാംപുകര്‍ ഒടുവിൽ സുമനസ്സുകളുടെ സഹായത്തോടെ നാടെത്തി. തുടര്‍ന്ന്‌ അദ്ദേഹത്തെ ബീഹാറിലെ ബെഗുസാരായി ജില്ലയിലെ  ആശുപത്രിയിലേക്ക് മാറ്റി. ഭാര്യയും ഒമ്പത് വയസ്സുള്ള മകളും അകലെ നിന്നാണ് രാംപുകറിനെ കണ്ടത്.

38 കാരനായ രാംപുകര്‍ പണ്ഡിറ്റ് കുഞ്ഞിന് സുഖമില്ലെന്ന വാര്‍ത്ത കേട്ടാണ് 1,200 കിലോ മീറ്റര്‍ അകലെയുള്ള ബീഹാറിലെ ബെഗുസാരയിലേക്ക് ഡല്‍ഹിയില്‍ നിന്ന് കാൽനടയായി യാത്ര തിരിച്ചത്. വഴി മധ്യേയാണ് കുഞ്ഞ് മരിച്ച വാര്‍ത്ത അദ്ദേഹത്തെ തേടിയെത്തുന്നത്. ഡൽഹിയിലെ നിസ്സാമുദ്ദീൻ പാലത്തിൽ പോലീസ് തടഞ്ഞതിനെ തുടർന്ന് കുടുങ്ങിയ രാംപുകാർ ഫോണിലൂടെ കരയുന്ന ചിത്രം പിടിഐ ഫോട്ടോഗ്രാഫർ പകർത്തുകയും പിന്നീട് വൈറലാവുകയും ചെയ്തിരുന്നു.

അടുത്തിടെ പ്രത്യേക തീവണ്ടിയിൽ ബീഹാറിലെത്തിയ അദ്ദേഹം ബെഗുസാരായി പട്ടണത്തിനടുത്തുള്ള ഒരു സ്‌കൂളില്‍ ക്വാറന്റീനില്‍ കഴിയുകയായിരുന്നു. പിന്നീട് കലശലായ ക്ഷീണത്തെ തുടര്‍ന്ന് ഞായറാഴ്ച ഉദ്യോഗസ്ഥര്‍ തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചു.

‘ഞാന്‍ കണ്ണുതുറക്കുമ്പോള്‍ എന്റെ തല കറങ്ങുന്നുണ്ടായിരുന്നു, എനിക്ക് ആകെ തളര്‍ച്ച തോന്നി.ഇന്നലെ ഉച്ചകഴിഞ്ഞ് അവര്‍ എന്നെ കാറില്‍ ആശുപത്രിയില്‍ എത്തിച്ചു.അവര്‍ എന്റെ സാമ്പിള്‍ കോവിഡ് ടെസ്റ്റിനുമയച്ചിട്ടുണ്ട്. മകളും ഭാര്യയും തന്നെ കാണാന്‍ ആശുപത്രിയില്‍ വന്നെങ്കിലും ദൂരെ നിന്ന് കാണാനേ ഡോക്ടര്‍മാര്‍ അനുമതി നല്‍കിയുള്ളൂ’, രാംപുകാര്‍ പറയുന്നു.

‘കണ്ട മാത്രയില്‍ ഞങ്ങളോരോരുത്തരും കരയുകയായിരുന്നു. എനിക്കെന്റെ മകളെ വാരിയെടുക്കണമെന്നുണ്ടായിരുന്നു. പക്ഷെ ദൂരെ നിന്നേ കണ്ടുള്ളൂ. അവരെനിക്ക് വറുത്ത കടലയും കക്കിരിയും അവലും കൊണ്ടുവന്നിരുന്നു.പക്ഷെ ഒറ്റയ്ക്ക് കഴിക്കാവുന്ന സ്ഥിതിയിലല്ല ഞാന്‍.’ രാംപുകാർ എൻഡിടിവിയോട് പറഞ്ഞു.

നിസാമുദ്ദീന്‍ പാലത്തിലിരുന്ന് കരയുന്ന രാംപുകാറിന്റെ പടം പിടിഐ ഫോട്ടോഗ്രാഫറായിരുന്ന അതുല്‍യാദവാണ് എടുക്കുന്നത്. രാജ്യമാകെയുള്ള മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച പടം ലോക്ക്ഡൗണ്‍ കാലത്തിലെ ഇന്ത്യയിലെ മുഴുവന്‍ കുടിയേറ്റ തൊഴിലാളികളുടെയും ദുരിതം ആവാഹിച്ച പടമായിരുന്നു. ഇയാളുടെ ദൈന്യത കണ്ട ഒരു സ്ത്രീ വീടെത്താന്‍ 5500 രൂപയും ഭക്ഷണവും ട്രെയിന്‍ ടിക്കറ്റും രാംപുകാരിന് എടുത്തു നല്‍കിയിരുന്നു. അങ്ങിനെയാണ് അദ്ദേഹം വീടെത്തുന്നത്.

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here