യുഎഇയിലെ ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്നതിന്റെ ഭാഗമായി യുഎഇ ഗവൺമെന്റ് ദുബായ് ഹെൽത്ത് അതോറിറ്റിക്ക് കീഴിലുള്ള 212 ഡോക്ടർമാർക്ക് സമ്മാനിച്ച 10 വർഷത്തെ ഗോൾഡൻ വീസ ലഭിച്ചവരിൽ കാസർകോട് കാഞ്ഞങ്ങാട് മാണിക്കോത്ത് സ്വദേശി ഡോ. സി.എച്ച്.അബ്ദുൽ റഹ്മാനും.
കഴിഞ്ഞ 17 വർഷമായി യുഎഇയിൽ സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം ദുബായ് ലത്തീഫാ ആശുപത്രിയിൽ കുട്ടികളുടെ രോഗവിദഗ്ധനാണ്. ലത്തീഫ ആശുപത്രിയിലെ കോവിഡ് രോഗികൾക്കും മറ്റു ക്വാറന്റീൻ കേന്ദ്രങ്ങളിലും ഡോ.അബ്ദുൽ റഹ്മാനും സംഘവും അഹോരാത്രം സേവനം ചെയ്തു. ഇതിനുള്ള അംഗീകാരമായിരിക്കാം തനിക്ക് ഗോൾഡൻ വീസ ലഭിച്ചതെന്നും ആരോഗ്യ സുരക്ഷാ രംഗത്ത് ദുബായിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണെന്നും ഇദ്ദേഹം അഭിപ്രായപ്പെട്ടു.
രണ്ട് ദിവസം മുൻപ് എമിഗ്രേഷൻ അധികൃതര്‍ വിളിച്ചാണ് ഗോൾഡൻ വീസ നൽകുന്ന കാര്യം ഫോണിലൂടെ അറിയിച്ചത്. പിന്നീട് പാസ്പോർട്ടു വാങ്ങിച്ചുകൊണ്ടുപോയി. ഇന്നലെയാണ് വീസ പതിച്ച് തിരിച്ചു നൽകിയത്. ഇൗ നേട്ടം ആതുരശുശ്രൂഷാ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാ മലയാളികൾക്കുമുള്ള അംഗീകാരമാണെന്ന് ഡോ.അബ്ദുൽ റഹ്മാൻ പറഞ്ഞു.
കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ഡോക്ടർ ഡൽഹി അലിഗഢ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് എംഡി കരസ്ഥമാക്കിയത്. പിന്നീട് ഇംഗ്ലണ്ടിലെ റോയൽ കോളജ് ഒാഫ് പീഡിയാട്രിക് ആൻഡ് ചൈൽഡ് ഹെൽത്തിൽ നിന്ന് ബിരുദ (എംആർസിപിസിഎച്ച്)വും നേടി.
യുഎഇയിൽ ഇതാദ്യമായാണ് ഡോക്ടർമാർക്ക് ഗോൾഡൻ വീസ നൽകുന്നത്. നേരത്തെ വൻകിട നിക്ഷേപകർക്ക് മാത്രം അനുവദിച്ചിരുന്നു.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക