ബെംഗളൂരു: നാലാംഘട്ട ലോക്ക്ഡൗൺ അവസാനിക്കുന്ന മേയ് 31ന് ശേഷം മാളുകളും തിയേറ്ററുകളും ഹോട്ടലുകളും തുറക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍. ലോക്ക്ഡൗൺ നീട്ടുന്നതിനെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍ എന്തു തീരുമാനമെടുക്കുന്നു എന്നതു കൂടി കണക്കിലെടുത്താവും തീരുമാനം പ്രാബല്യത്തില്‍ വരികയെന്ന് ഉദ്യോഗസ്ഥര്‍ വിശദമാക്കി. അതേസമയം ലോക്ക്ഡൗണ്‍ രണ്ടാഴ്ച കൂടി നീട്ടുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ ഇളവുകള്‍ അനുവദിച്ചാവും ലോക്ക്ഡൗണ്‍ നീട്ടുക.
ജൂണ്‍ ഒന്നിന് ക്ഷേത്രങ്ങളും പള്ളികളും ഉള്‍പ്പെടെ എല്ലാ ആരാധനാലയങ്ങളും തുറക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. സര്‍ക്കാരിന് കീഴിലുള്ള ക്ഷേത്രങ്ങള്‍ തുറക്കാന്‍ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. ക്ഷേത്രങ്ങള്‍ തുറക്കാനുള്ള തീരുമാനം സംസ്ഥാനത്തെ മറ്റ് ആരാധാനാലയങ്ങള്‍ക്കും ബാധകമാവുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ക്രിസ്ത്യന്‍ പള്ളികളും മുസ്ലിം പള്ളികളും ജൂണ്‍ ഒന്നിനു തന്നെ തുറക്കും. സാമൂഹ്യ അകലം പാലിച്ചുകൊണ്ടായിരിക്കും ഇവ പ്രവര്‍ത്തിക്കുക. അതേസമയം ഉത്സവങ്ങള്‍ അനുവദനീയമല്ലെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.