മംഗളൂരു: ദക്ഷിണ കന്നഡ ജില്ലയില്‍ കൊവിഡ്-19 വൈറസ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം മൂന്നായി. ബണ്ട് വാള്‍ കസബയിലെ 69 കാരിയാണ് മരിച്ചത്. ആദ്യം കൊവിഡ് ബാധിച്ച് മരിച്ച വീട്ടമ്മയില്‍ നിന്നാണ് ഇവര്‍ക്ക് രോഗം പകര്‍ന്നത്. അയല്‍വാസിയായിരുന്നു ഇവര്‍. ഇവരുടെ മകള്‍ക്കും വൈറസ് ബാധയുണ്ട്. ആദ്യം മരണപ്പെട്ട വീട്ടമ്മയുടെ ഭര്‍തൃമാതാവും കൊവിഡ് ബാധിച്ച് മരിച്ചിരുന്നു.
ഇന്നലെ മരണപ്പെട്ട സ്ത്രീ പനി ബാധിച്ചതിനെ തുടര്‍ന്ന് ഈമാസം 18 ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. കൊവിഡ് ലക്ഷണമായ ജലദോഷം, ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. രോഗം സ്ഥിരീകരിച്ചതോടെ ഇവരെ ബണ്ട് വാള്‍ താലൂക്ക് ആശുപത്രിയില്‍ നിന്ന് വെന്‍ലോക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. ഗുരുതരമായ ശ്വാസതടസവും നേരിട്ടു. അതിനിടെ ഇവര്‍ക്ക് കൊവിഡ് പരിശോധനാഫലം പോസിറ്റീവ്. വെന്റിലേറ്ററിന്റെ സഹായത്തോടെ ജീവന്‍ നിലനിര്‍ത്തിയ ഇവര്‍ വ്യാഴാഴ്ച വൈകീട്ട് 5.40 ന് മരണപ്പെടുകയായിരുന്നു.
ബണ്ട് വാളിലെ മൂന്നു സ്ത്രീകളാണ് വൈറസ് ബാധമൂലം മരണപ്പെട്ടത്. ഇവരുടെ സമ്പര്‍ക്കങ്ങളില്‍ ആശുപത്രി ജീവനക്കാരിയടക്കം മൂന്നുപേര്‍ ഇപ്പോള്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുകയാണ്. ആദ്യം മരണപ്പെട്ട 50 കാരിയായ വീട്ടമ്മയുടെ മകന്‍ മാര്‍ച്ച് മാസം ദുബായിയില്‍ നിന്ന് എത്തിയിരുന്നു. യുവാവില്‍ നിന്നാണ് വൈറസ് പകര്‍ന്നതെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ നിഗമനം. എന്നാല്‍ യുവാവിന്റെ പരിശോധനാ ഫലം നെഗറ്റീവായിരുന്നു. ദക്ഷിണ കന്നഡ ജില്ലയില്‍ 22 പേര്‍ക്കാണ് രോഗം ബാധിച്ചത്. ഇതില്‍ 12 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. മൂന്നുപേര്‍ മരണപ്പെട്ടു.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക