കാസർകോട്: (www.mediavisionnews.in) ഏറെ വിവാദമായ പൈവളികയിലെ സി.പി.എം നേതാവ് കൊവിഡ് രോഗമുക്തനായി. ഒപ്പം സമ്പർക്കത്തിലൂടെ രോഗം പകർന്ന ഭാര്യയും രണ്ടുമക്കളും രോഗമുക്തി നേടി ആശുപത്രിവിട്ടു. ഈ മാസം 14നാണ് നേതാവിനും കുടുംബത്തിനും കൊവിഡ് സ്ഥിരീകരണം വന്നത്. മഹാരാഷ്ട്രയിൽ നിന്ന് മേയ് നാലിന് എത്തിയ ബന്ധുവിനെ തലപ്പാടിയിൽ നിന്നും കൂട്ടിക്കൊണ്ടുവന്നത് നേതാവും ഭാര്യയും ചേർന്നായിരുന്നു. മേയ് 11ന് മഹാരാഷ്ട്രയിൽ നിന്നും എത്തിയ ബന്ധുവിന് രോഗം സ്ഥിരീകരിച്ചതോടെയാണ് ആശങ്ക പരന്നത്.
നേതാവിനും കുടുംബത്തിനും രോഗം സ്ഥിരീകരിച്ചതോടെ ആശുപത്രി ജീവനക്കാരും ഡോക്ടർമാരുമടക്കം 20 ഓളം പേർ നിരീക്ഷണത്തിൽ പോകേണ്ടി വന്നിരുന്നു. നേതാവ് മൂന്നുതവണ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കാൻസർ രോഗിയുമായി വരികയും ആശുപത്രിയിലെ ക്യാൻസർ വാർഡ്, ലാബ്, എക്‌സ്‌റേ റൂം എന്നിവിടങ്ങളിൽ പ്രവേശിക്കുകയും ചെയ്തതോടെയാണ് ജീവനക്കാർ നിരീക്ഷണത്തിൽ പോയത്. ജില്ലാ ആശുപത്രിയിലെ 19 ജീവനക്കാരാണ് ഇതോടെ നിരീക്ഷണത്തിലായത്. ഇവരുടെ കുടുംബാഗങ്ങളും നീരീക്ഷണത്തിൽ കഴിഞ്ഞിരുന്നു. ഇതേ തുടർന്ന് ഏറെ വിവാദമാണ് ജില്ലയിലുണ്ടായത്. സമ്പർക്കത്തിൽപെട്ട പലരും ആശങ്കയിലായിരുന്നു. സി.പി.എം ജില്ല നേതൃത്വമടക്കം നേതാവിന്റെ നടപടിയെ വിമർശിച്ചിരുന്നു. കൊവിഡ് ബാധിച്ച ആളെ കൂട്ടികൊണ്ടുവന്നത് മറച്ചുവച്ചതിന് കേസും നിലവിലുണ്ട്. നേതാവിനും ജനപ്രതിനിധിയായ ഭാര്യക്കും എതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തിരുന്നത്. ഇനി കേസ് നടത്തിപ്പ് പ്രധാന വെല്ലുവിളിയാകും.
എന്നാൽ പാസില്ലാതെ എത്തിയ ബന്ധുവിനെ നിയമ വിരുദ്ധമായി അതിർത്തി കടത്തി കൊണ്ടുപോയി എന്ന ആരോപണം നിഷേധിച്ചു കൊണ്ട് ആശുപത്രിയിൽ നിന്നും നേതാവ് രംഗത്തുവന്നിരുന്നു. മുഴുവൻ കാര്യങ്ങളും ആരോഗ്യ വകുപ്പിനെ അറിയിച്ചാണ് ചെയ്തതെന്നും ഇദ്ദേഹം വെളിപ്പെടുത്തിയിരുന്നു. നേതാവ് പറയുന്നത് ശരിയാണെങ്കിൽ കേസ് തിരിച്ചടി ആകില്ല. അതിനിടെ ബൈക്കിൽ ബംഗളുരുവിൽ നിന്ന് ജില്ലയിലെത്തിയ കള്ളാർ സ്വദേശിയായ യുവാവും കോട്ടയത്ത് നിന്ന് തലപ്പടിയിലേക്ക് വരുന്ന ആംബുലൻസിൽ കയറി കാസർകോട് എത്തിയത് 65 കാരനും രോഗമുക്തരായി ആശുപത്രിവിട്ടു. ആറുപേർക്കും മെയ് 14നാണ് രോഗ സ്ഥിരീകരണം വന്നത്. എല്ലാവർക്കും ഉക്കിനടുക്കയിലെ കൊവിഡ് മെഡിക്കൽ കോളജിലാണ് ചികിത്സ നൽകിയത്.