ദോഹ: കൊവിഡിനെതിരെ ഭാഗികമായി ഫലപ്രദമെന്ന് കണ്ടെത്തിയ പുതിയ മരുന്ന് പരീക്ഷിക്കാനൊരുങ്ങി ഖത്തര്‍. അമേരിക്കയിലും മറ്റും നടത്തിയ പരീക്ഷണത്തില്‍ വൈറസിനെതിരേ ഭാഗികമായ ഫലപ്രാപ്തി കണ്ടെത്തിയ റെംഡെസിവിര്‍ (Remdesivir) എന്ന മരുന്നാണ് ഖത്തര്‍ പരീക്ഷിക്കാനൊരുങ്ങുന്നത്.
ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഈ മരുന്ന് സിരകള്‍ വഴി നല്‍കിയപ്പോള്‍ സാധാരണ ഗതിയില്‍ 15 ദിവസം കൊണ്ട് മാറുന്ന രോഗലക്ഷണങ്ങള്‍ 11 ദിവസം കൊണ്ട് മാറിയതായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ പകര്‍ച്ചവ്യാധി വിഭാഗം മേധാവി ഡോ. അബ്ദുല്‍ ലത്തീഫ് അല്‍ ഖാല്‍ അറിയിച്ചു.
ഈ മരുന്ന് നല്‍കിയതിലൂടെ മരണനിരക്ക് 11 ശതമാനത്തില്‍ നിന്ന് 8 ശതമാനമായി കുറഞ്ഞതായും ഖത്തര്‍ ടിവിക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.കൂടുതല്‍ പരീക്ഷണ ഫലങ്ങളും ഖത്തറിലെ രോഗികള്‍ക്ക് എപ്പോഴാണ് ഇത് ലഭ്യമാവുകയെന്നതും കാത്തിരിക്കുകയാണെന്ന് അല്‍ ഖാല്‍ അറിയിച്ചു. കൊവിഡ് രോഗികള്‍ക്ക് നിലവില്‍ പല തരത്തിലുള്ള മരുന്നുകള്‍ നല്‍കുന്നുണ്ട്.
ചെറിയ രോഗലക്ഷണങ്ങള്‍ ഉള്ളവര്‍ക്ക് അത്തരം മരുന്നുകള്‍ നല്‍കാറില്ല. കടുത്ത പനി, ശ്വാസതടസ്സം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് ഹൈഡ്രോക്ര്‌സി ക്ലോറോക്വിന്‍, അസിത്രോ മൈസിന്‍ തുടങ്ങിയ മരുന്നുകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.