ലോകരാജ്യങ്ങളെ ഒന്നടങ്കം പ്രതിസന്ധിയിലാക്കിക്കൊണ്ടാണ് കൊറോണ വൈറസ് എന്ന ഭീകരന്റെ കടന്നുവരവുണ്ടായത്. രണ്ട് ലക്ഷത്തി, എണ്‍പത്തിയാറായിരം ജീവനാണ് ഇതുവരെ കൊവിഡ് 19 കവര്‍ന്നെടുത്തത്. ലക്ഷക്കണക്കിന് പേര്‍ ഇപ്പോഴും രോഗത്തോട് പോരാടിക്കൊണ്ടിരിക്കുന്നു.
ഇത്രയധികം ജീവനുകള്‍ കവര്‍ന്നെടുത്ത കൊറോണയെ നമ്മള്‍ മനുഷ്യരാശിയുടെ ആകെയും തന്നെ എതിരാളിയായി കണക്കാക്കുകയാണ്. എന്നാല്‍ ഇതിലുമധികം ജീവനുകള്‍ പിടിച്ചെടുത്ത മറ്റൊരു വില്ലനുണ്ടെങ്കിലോ? അതെ തീര്‍ത്തും നിശബ്ദമായി കാലങ്ങളായി നമുക്കിടയില്‍ ഈ വില്ലന്‍ തുടരുകയാണ്.
‘മാല്‍ ന്യൂട്രീഷന്‍’ അഥവാ പോഷകാഹാരക്കുറവ് ആണ് ഈ വില്ലന്‍. പറഞ്ഞും കേട്ടും നമുക്ക് മടുത്തുപോയത് കൊണ്ടാകാം, ഇപ്പോള്‍ വേണ്ടത്ര ഗൗരവം പോലും നമ്മളീ വിഷയത്തിന് കൊടുക്കുന്നില്ല. എന്നാല്‍ ഇനിയും ഇക്കാര്യത്തില്‍ അലസമായ നയം സ്വീകരിച്ചാല്‍ കൂടുതല്‍ ജീവനുകള്‍ നഷ്ടമാകാനേ ഇതുപകരിക്കൂ എന്ന് ‘ഗ്ലോബല്‍ ന്യൂട്രീഷ്യന്‍ റിപ്പോര്‍ട്ട് 2020’ സൂചിപ്പിക്കുന്നു.
ലോകത്തില്‍ തന്നെ ഏറ്റവുമധികം ജീവനെടുക്കുന്നതും ഏറ്റവുമധികം മനുഷ്യരെ ബാധിക്കുന്നതും പോഷകാഹാരക്കുറവാണെന്നാണ് ‘ഗ്ലോബല്‍ ന്യൂട്രീഷ്യന്‍ റിപ്പോര്‍ട്ട് 2020’ ചൂണ്ടിക്കാട്ടുന്നത്. ഇപ്പോള്‍ കൊവിഡ് 19 പോലും ഇത്രയധികം തീവ്രമാകാന്‍ കാരണം കാലങ്ങളായി നമുക്കിടയില്‍ നിലനില്‍ക്കുന്ന പോഷകാഹാരക്കുറവാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
പോഷകാഹാരക്കുറവ് വ്യക്തികളിലെ പ്രതിരോധശേഷിയെ തകര്‍ത്തുകളയും. നമുക്കറിയാം, പ്രതിരോധ ശേഷി കുറഞ്ഞവരിലാണ് കൊറോണ വൈറസ് എളുപ്പത്തില്‍ കയറിക്കൂടുന്നുതും ജീവന്‍ കവരുന്നതും. അതുതന്നെയാണ് നിലവില്‍ കൊവിഡ് 19 ഇത്രയും വലിയ വെല്ലുവിളിയുയര്‍ത്താന്‍ കാരണം.
ലോകമൊട്ടാകെയുള്ള ജനങ്ങളെ എടുത്താല്‍ ഇതില്‍ വലിയൊരു വിഭാഗത്തിനും ആരോഗ്യകരമായ ഭക്ഷണം ലഭിക്കുന്നില്ല. ഭക്ഷ്യവിതരണത്തിലെ തുല്യതയില്ലായ്മ ഉള്‍പ്പെടെ പല കാരണങ്ങളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. ഒമ്പത് പേരില്‍ ഒരാള്‍ പട്ടിണിയിലാണ് എന്നാണ് കണക്ക്. അതേസമയം മൂന്നിലൊരാള്‍ അമിതവണ്ണം മൂലമുള്ള വിഷമതകള്‍ അനുഭവിക്കുന്നുമുണ്ട്. തുല്യതയില്ലായ്മയുടെ അളവ് ഇതില്‍ നിന്നും നമുക്ക് മനസിലാക്കാം. പോഷകാഹാരക്കുറവ് മാത്രമല്ല, ഡയറ്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന അസുഖങ്ങളായ പ്രമേഹം, ഹൃദ്രോഗം, ക്യാന്‍സര്‍ എന്നിവയുടെ കാര്യത്തിലെല്ലാം രാജ്യങ്ങള്‍ വലിയ തോതിലുള്ള വെല്ലുവിളിയാണ് നേരിട്ടുകൊണ്ടിരിക്കുന്നത്- റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
പോഷകാഹാരക്കുറവ്, നിരവധി രാജ്യങ്ങള്‍ കാലങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന പ്രശ്‌നമാണെന്നും കൊറോണയുടെ വരവോടെ ഇത് സങ്കല്‍പിക്കാവുന്നതിലുമധികം ആകുമെന്നും നേരത്തേ യുഎന്‍ (ഐക്യരാഷ്ട്രസഭ) സൂചിപ്പിച്ചിരുന്നു. ഇതുതന്നെയാണ് ‘ഗ്ലോബല്‍ ന്യൂട്രീഷ്യന്‍ റിപ്പോര്‍ട്ട് 2020’ വിശദാംശങ്ങളും സൂചിപ്പിക്കുന്നത്. ഏറെ ആശങ്കപ്പെടുത്തുന്നതാണ് ഈ വിവരങ്ങള്‍. ഓരോ രാജ്യവും വളരെ ഗൗരവപൂര്‍വ്വം മനസിലാക്കുകയും നയപരമായ ഇടപെടല്‍ നടത്തേണ്ടതുമായ വിഷയം കൂടിയാണിത്.