തട്ടിപ്പുകാരെ കരുതിയിരിക്കുക;കോൺസുലേറ്റ് ഒ.ടി.പി ചോദിക്കില്ല

0
213

ദുബൈ: നാട്ടിലേക്ക്​ മടങ്ങുവാൻ കണ്ണിലെണ്ണയൊഴിച്ച്​ കാത്തിരിക്കുന്ന പ്രവാസികളെ കൊള്ളയടിച്ച്​ പണംതട്ടാൻ തക്കം പാർത്ത്​ സൈബർ ക്രിമിനലുകൾ വട്ടമിടുന്നു. നാട്ടിലേക്ക്​ വിമാനയാത്ര പുനരാരംഭിക്കുന്ന പശ്​ചാത്തലത്തിൽ ജനങ്ങളുടെ മനോവികാരം മുതലാക്കിയാണ്​ പുതിയ വഞ്ചന. ഇന്ത്യൻ കോൺസുലേറ്റിൽ നിന്ന്​, എംബസിയിൽ നിന്ന്​ ​എന്ന വ്യാജേന വിളിച്ചാണ്​ തട്ടിപ്പുകാർ ജനങ്ങളെ വഞ്ചിക്കുന്നത്​. മടക്കയാത്രക്കുള്ള ടിക്കറ്റിനെക്കുറിച്ച്​ സംസാരിക്കുന്നതിന്​ എന്ന മുഖവുരയോടെയാണ്​  വിളിക്കുക. 

നാട്ടിലേക്ക്​ പോകുന്നതിനുള്ള ലിസ്​റ്റും ടിക്കറ്റും റെഡിയാവുന്നുണ്ടെന്നും അതിൻറെ രജിസ്ട്രേഷനു വേണ്ടി നിങ്ങളുടെ മൊബൈലിലേക്ക്​ വന്ന ഒ.ടി.പി നമ്പർ പറഞ്ഞു തരണമെന്നും ആവശ്യപ്പെടും. എങ്ങിനെയെങ്കിലും നാട്ടിലെത്താൻ ആഗ്രഹിക്കുന്ന പ്രവാസി മുൻപിൻ ആലോചിക്കാതെ നമ്പർ പറഞ്ഞു കൊടുത്താൽ അതോടെ ബാങ്ക്​ അക്കൗണ്ടിൽ അവശേഷിക്കുന്ന തുക നിമിഷ നേരം കൊണ്ട്​ അവർ സ്വന്തമാക്കും. സമൂഹ മാധ്യമ അക്കൗണ്ടുകളുടെ പാസ്​വേർഡ്​ മാറ്റി ഹാക്ക്​ ചെയ്യാനും അതു വഴി ബ്ലാക്​മെയിൽ ചെയ്​ത്​ പണം തട്ടാനും ശ്രമം നടത്തുന്നവരുമുണ്ട്​.

കഴിഞ്ഞ ദിവസം നൂറു കണക്കിനാളുകൾക്കാണ്​ ഇത്തരത്തിൽ ഒ.ടി.പിയും ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങളും തിരക്കി ഫോൺവിളി എത്തിയത്​. സംസാരത്തിൽ പന്തികേട്​ തോന്നി എംബസിയിൽ വിളിച്ച്​ ഉറപ്പാക്കിയ ശേഷം ഒ.ടി.പി നമ്പർ തരാമെന്നു പറഞ്ഞ സ്​ത്രീക്ക്​​ സിം ബ്ലോക്ക്​ ചെയ്യും എന്ന ഭീഷണിയാണ് മറുപടിയായി ലഭിച്ചത്​. പൊലീസിൽ അറിയിക്കുമെന്ന്​ പറഞ്ഞതോടെ തട്ടിപ്പുകാർ ​​ ഫോൺ ​ വെച്ചുപോവുകയായിരുന്നു.
ഇത്തരം സംഭവം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന്​ ദുബൈ ഇന്ത്യൻ കോൺസുലേറ്റ്​ ജനങ്ങൾക്ക്​ മുന്നറിയിപ്പ്​ പുറപ്പെടുവിച്ചിട്ടുണ്ട്​.

കോൺസുലേറ്റ്​  അധികൃതർ യാത്രാ വിവരങ്ങൾ അറിയിക്കാൻ വിളിക്കുമെങ്കിലും ഒരു കാരണവശാലും ഒ.ടി.പി നമ്പറോ ബാങ്ക്​ അക്കൗണ്ട്​ വിവരങ്ങളോ ആവശ്യപ്പെടില്ല. ടിക്കറ്റി​​െൻറ നിരക്ക്​ പോലും വിമാനകമ്പനികളിലേക്ക്​ നേരിട്ടാണ്​ അടക്കേണ്ടത്​ എന്ന്​ അധികൃതർ വ്യക്​തമാക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here