കേരളത്തില്‍ സമ്പര്‍ക്കരോഗികള്‍ കൂടുന്നു; 15 ദിവസം കൊണ്ട് രോഗം ബാധിച്ചവരുടെയെണ്ണം അമ്പതായി

0
265

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തില്‍ രോഗനിരക്കിനൊപ്പം സമ്പര്‍ക്കത്തിലൂടെ രോഗം ബാധിക്കുന്നവരുടെയെണ്ണവും കൂടുന്നു.15 ദിവസം കൊണ്ട് രോഗം ബാധിച്ചവരുടെയെണ്ണം അമ്പതായി. കേരളത്തില്‍ നിന്ന് പോയ രണ്ട് പേര്‍ക്ക് ഇന്നലെ തമിഴ്നാട്ടില്‍ രോഗം സ്ഥിരീകരിച്ചതും ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്.

രോഗം ബാധിക്കുന്നവരുടെയെണ്ണം ഓരോ ദിനവും കുതിച്ചുയരുമ്പോഴും നമ്മുടെ ഏറ്റവും വലിയ ആശ്വാസം അവരില്‍ ഭൂരിപക്ഷവും പ്രവാസികളോ ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തിയവരോ ആണെന്നതാണ്. ഇവരെല്ലാം മുന്‍കൂട്ടി തന്നെ നിരീക്ഷണത്തിലായിരുന്നതിനാല്‍ വ്യാപന സാധ്യത തടയാനാകുന്നുമുണ്ട്. എന്നാല്‍ ഈ ആശ്വാസത്തിനെ മറികടക്കുന്ന ആശങ്കയാണ് സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധ. പ്രവാസികളുടെ മടങ്ങിവരവ് തുടങ്ങിയ ശേഷം മാത്രം 50 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതില്‍ 9 പേര്‍ക്ക് എവിടെ നിന്നാണ് രോഗം ബാധിച്ചതെന്നതില്‍ വ്യക്തതയില്ല. 

കേരളത്തിലെ ആദ്യഘട്ട രോഗവ്യാപനം നിയന്ത്രണ വിധേയമാക്കിയെന്ന വിലയിരുത്തലിന് ശേഷവും ഉറവിടമില്ലാത്ത രോഗബാധയുണ്ടാകുന്നത് ആശങ്കയുടെ ആക്കം കൂട്ടുന്നതാണ്. സമ്പര്‍ക്ക രോഗബാധിതരില്‍  14 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നുമുണ്ട്. അതിനപ്പുറം കേരളത്തില്‍ നിന്ന് പോകുന്നവര്‍ക്ക് ഇതര സംസ്ഥാനങ്ങളില്‍ രോഗം സ്ഥിരീകരിക്കുന്നതും തുടരുകയാണ്. 

ഇന്നലെ തമിഴ്നാട്ടില്‍ രണ്ട് പേര്‍ക്കാണ് ഇങ്ങിനെ രോഗം സ്ഥിരീകരിച്ചത്. തമിഴ്നാട്ടിലും കര്‍ണാടകയിലുമായി ഇതിനകം കേരളത്തില്‍ നിന്ന് പോയ എട്ട് പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. ഇവരുടെ രോഗത്തിന്റെ ഉറവിടം ഏതാണെന്നതും കേരളത്തിന്റെ ആശങ്കയായി തുടരുകയാണ്. സമൂഹവ്യാപനമെന്ന പ്രതിസന്ധി തടയാന്‍ കര്‍ശന ജാഗ്രത തുടരണമെന്നതിന്റെ മുന്നറിയിപ്പുകളാണ് ഈ ഓരോ കണക്കുകളും.

LEAVE A REPLY

Please enter your comment!
Please enter your name here