കണ്ണൂർ: ലോക്ക്ഡൗൺ നീണ്ടപ്പോൾ തെരുവിലിറങ്ങി കോലാഹലമുണ്ടാക്കി നാട്ടിൽ പോയ അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിലേക്ക് തിരിച്ചു വരാൻ കൊതിക്കുന്നു. ബിഹാർ അടക്കമുള്ള സംസ്ഥാനങ്ങളിലെ ക്വാറന്റൈൻ സെന്ററിൽ നിലത്ത് കള്ളി വരച്ച് കിടക്കാൻ ആവശ്യപ്പെട്ടതോടെയാണ് തിരിച്ചറിവുണ്ടായത്. കേരളത്തിലെ ക്യാമ്പുകളിൽ സർക്കാരും സന്നദ്ധ സംഘടനകളും കളിക്കാൻ കാരം ബോർഡും എൽ.ഇ.ഡി ടിവിയും വരെ എത്തിച്ചിരുന്നു. ഇതൊക്കെ ലഭിച്ചിട്ടും നാട്ടിലേക്ക് അയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയർത്തിയവരാണ് ഇപ്പോൾ കേരളമാണ് നല്ലതെന്ന തിരിച്ചറിവിൽ എത്തിയത്.
ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം മടങ്ങിപ്പോയ അതിഥി തൊഴിലാളികൾക്ക് ജന്മനാട്ടിൽ ഭക്ഷണം പോലും കൃത്യസമയത്ത് ലഭിക്കാത്ത സ്ഥിതിയാണ്. ഇതോടെ കേരളത്തിലേക്ക് തിരിച്ചു വരാനായി പലരും ജില്ലാ കേന്ദ്രങ്ങളിൽ അപേക്ഷ നൽകിയിട്ടുണ്ട്. ലോക്ക്ഡൗൺ കാലത്ത് ഭക്ഷണം ലഭിക്കുന്നില്ലെന്ന് വ്യാജ പരാതി നൽകുകയും അവിടത്തെ മന്ത്രിയടക്കം കേരളവുമായി ബന്ധപ്പെടുകയും ചെയ്ത സംഭവം വരെ ഉണ്ടായിരുന്നു.
ക്യാമ്പിൽ ലഭിച്ച കിറ്റുകൾ അന്യ സംസ്ഥാന തൊഴിലാളികൾ മറിച്ച് വിറ്റ സംഭവവും വിവാദമായിരുന്നു. ഇതിന് ശേഷമാണ് പുതിയ മാറ്റം. വിവിധ ജില്ലകളിൽ നൂറിലധികം അപേക്ഷകൾ ലഭിച്ചെന്നാണ് കണക്ക്. ക്വാറന്റൈൻ കഴിഞ്ഞാൽ ജോലി ഇല്ലാതെ എങ്ങനെ ജീവിക്കുമെന്ന ആശങ്കയും ഇവരെ അലട്ടുന്നുണ്ട്. ബിഹാറിലാണ് ഇത്തരം അപേക്ഷകൾ കൂടുതൽ. ജനസാന്ദ്രത ഏറ്റവും ഉയർന്ന സംസ്ഥാനമായതിനാൽ ഇവിടത്തെ സർക്കാർ സൗകര്യങ്ങൾ ഒരുക്കാൻ പ്രയാസം അനുഭവിക്കുകയാണ്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക