ഉപ്പള: (www.mediavisionnews.in) മിയാപ്പദവിലും മജീര്‍പ്പള്ളത്തും നാട്ടുകാരുടെ ഉറക്കംകെടുത്തി കഞ്ചാവ് മാഫിയയുടെ വിളയാട്ടം. കോഴിഫാം ഉടമയെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാറില്‍ തട്ടിക്കൊണ്ട് പോയി കാല്‍ തല്ലിയൊടിച്ചു. ബേക്കൂര്‍ മരമില്ലിന് സമീപം താമസിക്കുന്ന ഗഫൂറി(38) നാണ് മര്‍ദ്ദനമേറ്റത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ബുധനാഴ്ച വൈകിട്ട് പരിചയത്തിലുള്ള ഒരു യുവാവ് ഗഫൂറിന്റെ വീട്ടിലെത്തി ചില കാര്യങ്ങള്‍ സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് സ്‌കൂട്ടറില്‍ കൂട്ടിക്കൊണ്ട് പോകുകയായിരുന്നുവത്രെ. മിയാപ്പദവ് ബേരിക്ക പാലത്തിന് സമീപം എത്തിയപ്പോള്‍ റിട്ട്‌സ് കാര്‍ കുറുകെ ഇട്ട് നാലുപേര്‍ ഗഫൂറിനെ ബലമായി കാറില്‍ പിടിച്ച് കയറ്റാന്‍ ശ്രമിച്ചു. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ തലയിലേക്ക് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കാറില്‍ കയറ്റിക്കൊണ്ട് പോവുകയും മിയാപ്പദവിലെ ആര്‍.സി. ഗ്രൗണ്ടില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു.
ഒന്നരമാസം മുമ്പ് കാഞ്ഞങ്ങാട്ട് വെച്ച് എക്‌സൈസ് സംഘം മീന്‍ ലോറിയില്‍ കടത്തുകയായിരുന്ന കഞ്ചാവ് പിടികൂടിയിരുന്നു. കഞ്ചാവ് കടത്തിയ വിവരം എക്‌സൈസ് സംഘത്തിന് ചോര്‍ത്തിയെന്ന് ആരോപിച്ചായിരുന്നു ഗഫൂറിനെ മര്‍ദ്ദിച്ചത്. കഞ്ചാവ് പിടികൂടിയതിനെ തുടര്‍ന്ന് 50,000 രൂപയുടെ നഷ്ടമുണ്ടെന്നും ആ പണം തന്നില്ലെങ്കില്‍ കൊല്ലുമെന്നും ആയിരുന്നുവത്രെ സംഘത്തിന്റെ ഭീഷണി.
പണം നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ കാറില്‍ ഉണ്ടായിരുന്ന ഇരുമ്പ് വടി കൊണ്ട് വന്ന് സംഘത്തിലെ ഒരാള്‍ ഗഫൂറിന്റെ വലതുകാല്‍ തല്ലിയൊടിക്കുകയായിരുന്നു. പിന്നീട് ഒരു ബന്ധു എത്തി പണം നല്‍കിയതിന് ശേഷമാണ് രാത്രി 12 മണിയോടെ സംഘം ഗഫൂറിനെ വിട്ടയച്ചത്. എട്ട് മാസം മുമ്പ് ബദിയടുക്ക സ്വദേശിയെ കാറില്‍ വെച്ച് കഴുത്തിന് വെടിവെച്ച കേസിലെ പ്രതികളാണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.
രണ്ട് മാസം മുമ്പ് മജീര്‍പള്ളയില്‍ കഞ്ചാവ് സംഘം ഇരുചക്ര വാഹനങ്ങള്‍ തീവെച്ച് നശിപ്പിച്ചിരുന്നു. കഞ്ചാവ് വിവരം മഞ്ചേശ്വരം പൊലീസിന് ചോര്‍ത്തിക്കൊടുത്തുവെന്ന് ആരോപിച്ച് മജീര്‍പ്പള്ളത്തെ അബ്ദുല്‍ ഖാദറിനെയും ഭാര്യയെയും വീട്ടില്‍ കയറി അക്രമിച്ചിരുന്നു. പരാതി നല്‍കിയ വിരോധത്തില്‍ അബ്ദുല്‍ ഖാദറിനെ ഇതേ സംഘം കുത്തിപ്പരിക്കേല്‍പ്പിക്കുകയും ഉണ്ടായി.
ലോക്ഡൗണ്‍ ഡ്യൂട്ടിയുടെ ഭാഗമായി മജീര്‍പ്പള്ളത്ത് പൊലീസുകാര്‍ക്കായി വെച്ച കസേര കഴിഞ്ഞ ദിവസം പട്ടാപ്പകല്‍ ഒരു സംഘം എടുത്തുകൊണ്ട് പോയിരുന്നു. പൊലീസ് പിന്തുടര്‍ന്നപ്പോള്‍ കസേര ഉപേക്ഷിച്ച് സംഘം രക്ഷപ്പെടുകയായിരുന്നു. മിയാപ്പദവിനെ ഒരു ഗ്രൗണ്ടാണത്രെ കഞ്ചാവ് സംഘത്തിന്റെ താവളം. സന്ധ്യമയങ്ങിയാല്‍ നാട്ടുകാര്‍ക്ക് ഇവിടെ പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക