ഉടമയെപ്പോലെ ഉപയോഗിക്കാം; കാര്‍ വാടകയ്‍ക്ക് നല്‍കാന്‍ മാരുതിയും

0
204

ഹ്രസ്വകാലത്തേക്ക് വാഹനം സ്വന്തമാക്കാന്‍ സാധിക്കുന്ന കാര്‍ ലീസിങ്ങ് സംവിധാനം അവതരിപ്പിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതിയും സുസുക്കി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. 

കാര്‍ ലീസിങ്ങ് സേവനത്തിലൂടെ കൂടുതല്‍ ഉപഭോക്താക്കളെ നേടാനാകുമെന്നാണ് വിലയിരുത്തലുകള്‍. അതുകൊണ്ടു തന്നെ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കാര്‍ ലീസിങ്ങ് സംവിധാനത്തിന്റെ സാധ്യതകളെക്കുറിച്ചുള്ള പഠനങ്ങളിലാണ് മാരുതിയെന്നാണ് റിപ്പോര്‍ട്ടുകള്‍. സാമ്പത്തിക മേഖലയിലുണ്ടായിട്ടുള്ള തളര്‍ച്ചയും കൊറോണ വൈറസ് ബാധയെ തുടര്‍ന്നുണ്ടായ ലോക്ക്ഡൗണും വാഹനമേഖലയ്ക്ക് കനത്ത ആഘാതമാണുണ്ടാക്കിയിരിക്കുന്നത്. കാര്‍ ലീസിങ്ങ് പോലുള്ള സംവിധാനങ്ങള്‍ ഒരുക്കുന്നത് നിര്‍മാതാക്കള്‍ക്കും ഡീലര്‍മാര്‍ക്കും ഒരുപോലെ നേട്ടമുണ്ടാക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

സൂം കാര്‍ ഉള്‍പ്പെടെയുള്ള കമ്പനികള്‍ക്ക് വാഹനങ്ങള്‍ നല്‍കുന്നതില്‍ മാരുതി സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇത് മാരുതിക്കും ഇത്തരം കമ്പനികള്‍ക്കും ഒരുപോലെ നേട്ടമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തുടനീളമുള്ള മാരുതിയുടെ ഡീലര്‍ഷിപ്പുകളിലൂടെ തന്നെ ഈ സേവനം ലഭ്യമാക്കാനാണ് കമ്പനി ഒരുങ്ങുന്നതെന്നാണ് സൂചന. എന്നാല്‍ ഈ പദ്ധതി തുടങ്ങുന്നത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ ഒന്നും ഇതുവരെ  മാരുതിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. 

ഇന്ത്യയിലെ മറ്റ് മുന്‍നിര വാഹനനിര്‍മാതാക്കളായ ഹ്യുണ്ടായി കാര്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയവര്‍ മുന്‍പ് തന്നെ ഈ സേവനം പ്രഖ്യാപിച്ചിരുന്നു. സൂം കാര്‍, റേവ് തുടങ്ങിയ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ഈ കമ്പനികള്‍ കാര്‍ ലീസിന് നല്‍കുന്നത്. കോര്‍പറേറ്റ് കമ്പനികള്‍ക്ക് വാഹനം നല്‍കുന്നതിനായി മാരുതിയും സൂം കാറുമായി സഹകരിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here