ന്യൂദല്‍ഹി: സ്വാശ്രയത്തില്‍ ഊന്നിയുള്ള ഇന്ത്യയ്ക്കായുള്ള പാക്കേജാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതെന്ന് കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍.
ദീര്‍ഘവീക്ഷണത്തോടെയുള്ള പാക്കേജാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചതെന്നും രാജ്യത്തിനായുള്ള പുതിയ കാഴ്ചപ്പാടാണ് പ്രധാനമന്ത്രി മുന്നോട്ടുവെച്ചതെന്നും നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
പാക്കേജുമായി ബന്ധപ്പെട്ട് എല്ലാ വകുപ്പുകളുമായും ചര്‍ച്ച ചെയ്തിരുന്നു. വിവിധ മന്ത്രാലയങ്ങളുമായി വിശദമായ ചര്‍ച്ച ചെയ്ത ശേഷമാണ് പാക്കേജ് പ്രഖ്യാപിച്ചത്.
സ്വാശ്രയത്തില്‍ ഊന്നിയുള്ള ഇന്ത്യയെ സൃഷ്ടിക്കാനാണ് ശ്രമം. ഒറ്റപ്പെട്ട് നില്‍ക്കാനല്ല ഉദ്ദേശിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു. സ്വന്തം കാലില്‍ നില്‍ക്കാന്‍ ഇന്ത്യ ശക്തമാകണം.
പ്രാദേശിക ബ്രാന്റുകള്‍ക്ക് ആഗോള വിപണി കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. ഭൂമി, തൊഴില്‍, ധനലഭ്യത, നിയമം എന്നിവയാണ് സാമ്പത്തിക പാക്കേജിന്റെ ആധാരശിലകള്‍. ദരിദ്രര്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും പണം ഉറപ്പാക്കുമെന്നും കര്‍ഷകര്‍ക്ക് നേരിട്ട് പണം എത്തിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി പറഞ്ഞ അഞ്ച് തൂണുകളെ മുന്‍നിര്‍ത്തിയാണ് ആത്മനിര്‍ഭര്‍ ഭാരത്. ജന്‍ധന്‍ യോജന, ആവാസ് യോജന, ഉജ്ജ്വല യോജന, സ്വച്ഛഭ്രത്, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ പദ്ധതികള്‍ വിജയമായിരുന്നു.
2014 മുതല്‍ 2019 വരെ മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികള്‍ വിശദീകരിച്ച ധനമന്ത്രി ജി.എസ്.ടി നിയമം രാജ്യത്ത് വലിയ മാറ്റങ്ങള്‍ ഉണ്ടാക്കിയെന്നും പറഞ്ഞു. ഈ നേട്ടങ്ങളെല്ലാം ഓര്‍ത്ത് മാത്രമേ ആത്മ നിര്‍ഭര്‍ ഭാരതിനെ കുറിച്ച് പറയാനാകൂവെന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു.
ജന്‍ധന്‍ അക്കൗണ്ടുകളിലൂടെ 52,606 കോടി രൂപ വിതരണം ചെയ്തു. 71,738 മെട്രിക് ടണ്‍ ധാന്യങ്ങള്‍ വിതരണം ചെയ്തു. റേഷന്‍ കാര്‍ഡ് ഇല്ലാത്തവര്‍ക്കും ധാന്യങ്ങള്‍ നല്‍കി.
റിയല്‍ എസ്റ്റേറ്റ് മേഖലയുടെ പുനരുജ്ജീവനം സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് ഈടില്ലാതെ മൂന്ന് ലക്ഷം കോടിയുടെ വായ്പ അനുവദിക്കും. വായ്പാ കാലാവധി നാല് വര്‍ഷമാണ്. ഒരു വര്‍ഷത്തേക്ക് തിരിച്ചടവിന് മൊറട്ടോറിയം ഉണ്ടായിരിക്കും. ഒക്ടോബര്‍ 31 വരെ വായ്പയ്ക്ക് അപേക്ഷിക്കാം. 100 കോടി രൂപയുടെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ. 45 ലക്ഷം വ്യാപാര സ്ഥാപനങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. വായ്പ തിരിച്ചടവ് മുടങ്ങിയവര്‍ക്കും അപേക്ഷിക്കാം.
തകര്‍ച്ച നേരിട്ട വ്യവസായങ്ങള്‍ക്ക് 20000 കോടിയുടെ സഹായം അനുവദിക്കും.. രണ്ട് ലക്ഷം പീഡിത വ്യവസായങ്ങള്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. വായ്പ കിട്ടാക്കടമായി പ്രഖ്യാപിച്ചവര്‍ക്കും അപേക്ഷിക്കാം.
ആറ് പ്രത്യേക പദ്ധതികളാണ് ചെറുകിട ഇടത്തരം വ്യവസായങ്ങള്‍ക്ക് വേണ്ടി പ്രഖ്യാപിക്കുന്നത്. ബാങ്കിങ് ഇതര ധനകാര്യ സ്ഥാപനങ്ങള്‍ക്കും പ്രത്യേകപദ്ധതി പ്രഖ്യാപിക്കുമെന്നും ധനമന്ത്രി പറഞ്ഞു.
സേവന ഉത്പ്പാദന മേഖലകള്‍ തമ്മില്‍ തരംതിരിവ് ഉണ്ടായിരിക്കില്ല. ഉത്പാദന ശേഷി വര്‍ധിപ്പിക്കല്‍ ലക്ഷ്യമിട്ട് 10000 കോടി രൂപ അനുവദിക്കും. 200 കോടി വരെയുള്ള സര്‍ക്കാര്‍ കരാറുകള്‍ക്ക് ആഗോള ടെന്‍ഡര്‍ അനുവദിക്കും. 77.22 ലക്ഷം തൊഴിലാളികളുടെ മൂന്ന് മാസത്തെ പി.എഫ് വിഹിതം സര്‍ക്കാര്‍ അടക്കുമെന്നും ധനമന്ത്രി പറഞ്ഞു.