158 ജീവനെടുത്ത മംഗളൂരു വിമാന ദുരന്തത്തിന് 10 വർഷം തികയുന്നു; ഇരകൾക്കു നീതി ഇനിയും അകലെ

0
202

മംഗളൂരു: (www.mediavisionnews.in) 158 ജീവന്‍ പൊലിഞ്ഞ മംഗളൂരു വിമാന ദുരന്തത്തിന് ഇന്നു 10 വർഷം തികയുമ്പോഴും ഇരകൾക്കു നീതി അകലെ. അർഹമായൊരു സ്മാരകം പോലുമില്ലെങ്കിലും അവഗണനയുടെ നിത്യസ്മാരകമെന്നോണം നിയമപോരാട്ടം മാത്രം ബാക്കി. തിരിച്ചറിയാത്ത 12 മൃതദേഹങ്ങൾ സംസ്‌കരിച്ച കൂളൂർ ഗുരുപുര നദിക്കരയിലെ സ്ഥലവും ആരും തിരിഞ്ഞുനോക്കാതെ അനാഥമായി കിടപ്പുണ്ട്. ബജ്പെയിലെ മംഗളൂരു രാജ്യാന്തര വിമാനത്താവളത്തിൽ 2010 മേയ് 15ന് ഉദ്ഘാടനം ചെയ്ത കെഞ്ചാർ ടെർമിനലിൽ, കൃത്യം ഒരാഴ്ച കഴിഞ്ഞ് 22നു രാവിലെ 6.07നായിരുന്നു അപകടം. ദുബായിൽ നിന്നെത്തിയ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം റൺവേയുടെ നടുവിലായി നിലം തൊട്ടതിനാൽ റൺവേ തീരും മുൻപേ വേഗത കുറച്ച് നിർത്താനായില്ല. 

അതോടെ റൺവേയുടെ അറ്റത്തെ സിഗ്നൽ തൂണിൽ ഇടിച്ച് ചിറകൊടിഞ്ഞ് അപ്പുറത്തെ കൊക്കയിലേക്കു വീണു കത്തിയമരുകയായിരുന്നു.   160 യാത്രക്കാരും പൈലറ്റടക്കം ആറു ജീവനക്കാരുമാണു വിമാനത്തിൽ ഉണ്ടായിരുന്നത്. 5 ജീവനക്കാർ അടക്കം 157 ഇന്ത്യക്കാരും സെർബിയക്കാരനായ പൈലറ്റും മരിച്ചു. കാസർകോട് ഉദുമ മാങ്ങാട്ടെ കൂളിക്കുന്ന് കൃഷ്ണൻ, കണ്ണൂർ മയ്യിൽ കമ്പിൽ ജുമാനാ ഹൗസിൽ കെ.പി.മായിൻ കുട്ടി എന്നിവരടക്കം 8 യാത്രക്കാർ രക്ഷപ്പെട്ടു. പൈലറ്റിന്റെ വീഴ്ചയാണ് അപകട കാരണമായി കണ്ടെത്തിയത്. സുഖമില്ലാതിരുന്ന പൈലറ്റ് വിശ്രമം ആവശ്യപ്പെട്ടിട്ടും അനുവദിച്ചിരുന്നില്ലെന്നും ആരോപണമുണ്ടായി. അതൊന്നും പക്ഷേ, അന്വേഷിക്കപ്പെട്ടില്ല. 

കെഞ്ചാറിലെ ദുരന്തഭൂമിയിൽ സ്തൂപം സ്ഥാപിച്ച് ഒന്നാം വാർഷികത്തിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തിയെങ്കിലും ദിവസങ്ങൾക്കകം സ്തൂപം ആരോ തകർത്തു. തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്‌കരിച്ച സ്ഥലത്തുമുണ്ട് ഒരു സ്മാരക സ്തൂപവും പാർക്കും–ആരും തിരിഞ്ഞു നോക്കാതെ. വിമാനാപകട മരണങ്ങൾക്കു മോൺട്രിയൽ ഉടമ്പടി പ്രകാരം 72 ലക്ഷം രൂപയോളം നഷ്ടപരിഹാരം നൽകണം. ലഗേജിന്റെ നഷ്ടപരിഹാരം വേറെയും. എല്ലാം നൽകുമെന്നു കേന്ദ്രം പ്രഖ്യാപിച്ചിരുന്നെങ്കിലും എയർ ഇന്ത്യ നിയോഗിച്ച ഏജൻസി നിശ്ചയിച്ച നാമമാത്ര തുകയാണ് ഇൻഷുറൻസ് കമ്പനി നൽകിയത്. 

അതിനെതിരെ മംഗളൂരു എയർക്രാഷ് വിക്ടിംസ് ഫാമിലി അസോസിയേഷൻ കേരള ഹൈക്കോടതിയിൽ നിന്ന് അനുകൂലവിധി നേടിയെങ്കിലും ഡിവിഷൻ ബെഞ്ച് സ്‌റ്റേ ചെയ്തു. സുപ്രീം കോടതിയിൽ നിന്നു നീതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് അസോസിയേഷൻ പ്രസിഡന്റ് മുഹമ്മദ് ബ്യാരിയും വൈസ്പ്രസിഡന്റ് കളിങ്ങോം നാരായണനും പറഞ്ഞു. ദുരന്തത്തിൽ രക്ഷപ്പെട്ടവർക്കു ജോലി നൽകുമെന്ന എയർ ഇന്ത്യയുടെ വാഗ്ദാനവും പാലിക്കപ്പെട്ടില്ല. 

മീഡിയവിഷൻ ന്യൂസ്‌ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

LEAVE A REPLY

Please enter your comment!
Please enter your name here