ദില്ലി: ഒരിക്കൽ വിരമിക്കൽ പ്രഖ്യാപിച്ചിട്ട് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന താരങ്ങൾ നിരവധിയുണ്ട്. സനത് ജയസൂര്യ, കാൾ ഹൂപ്പർ, കെവിൻ പീറ്റേഴ്സൺ, ഇമ്രാൻ ഖാൻ എന്നിവരെല്ലാം ഉദാഹരണങ്ങളാണ്. ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഇങ്ങനെയൊരു സംഭവം രേഖപ്പെടുത്തിയിട്ടില്ല. എന്നാൽ അങ്ങനെ ഒരു തിരിച്ചുവരവിന്റെ സാധ്യതകളെ കുറിച്ച് പറയുകയാണ് ഇന്ത്യൻ മുൻ ഓൾറൗണ്ടർ ഇർഫാൻ പഠാൻ.
സുരേഷ് റെയ്നയുമായി ഇൻസ്റ്റഗ്രാം ലൈവിൽ സംസാരിക്കുകയായിരുന്നു പഠാൻ. ടീം ആവശ്യപ്പെട്ടാൽ തിരിച്ചുവരവിന് തയ്യാറാണെന്നാണ് പഠാൻ പറയുന്നത്. മുൻ താരത്തിന്റെ വാക്കുകളിങ്ങനെ…”തിരിച്ചുവരണമെന്ന് സെലക്‌ടര്‍മാര്‍ ആവശ്യപ്പെട്ടാൽ തീർച്ചയായും ഞാൻ തയ്യാറാവും. ഒരു വർഷം കടുത്ത പരിശീലനം നടത്തണം. ടീമിന് നിങ്ങളുടെ സേവനം ആവശ്യമുണ്ട്. വിരമിക്കൽ തീരുമാനം മാറ്റിവെക്കണം. ടീം സെലക്ഷൻ സമയത്ത് നിങ്ങളുടെ പേരും പരിഗണിക്കാം എന്ന് ടീം മാനേജ്മെന്റ് പറഞ്ഞാൽ ഞാൻ എന്റെ ഹൃദയവും ആത്മാവും ക്രിക്കറ്റിനായി സമർപ്പിക്കും.” പഠാൻ പറഞ്ഞു. എന്നാൽ അങ്ങനെ തിരിച്ചുവിളി ഉണ്ടാവില്ലെന്നും പഠാൻ കൂട്ടിച്ചേർത്തു.
നേരത്തെ, ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് വിദേശ ട്വന്റി20 ലീഗുകളിൽ കളിക്കാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) അനുവാദം നൽകണമെന്ന് പഠാൻ ആവശ്യപ്പെട്ടിരുന്നു. രാജ്യാന്തര ക്രിക്കറ്റിൽ ഇനിയൊരു അങ്കത്തിന് ബാല്യമില്ലാത്ത വെറ്ററൻ താരങ്ങളെ വിദേശ ട്വന്റി20 ലീഗുകളിൽ കളിക്കാൻ അനുവദിച്ചാൽ എന്താണ് പ്രശ്നമെന്നായിരുന്നു പഠാന്റെ ചോദ്യം.
2012ലാണ് പഠാൻ അവസാനമായി ഇന്ത്യയുടെ ജഴ്സി അണിഞ്ഞത്. കഴിഞ്ഞ വർഷം കരിയറിന് വിരാമമിട്ടു. 120 ഏകദിനങ്ങളിൽ നിന്ന് 173 വിക്കറ്റെടുത്ത ഇർഫാൻ 1544 റൺസും കണ്ടെത്തി. 24 ട്വന്റി-20യിൽ നിന്ന് 28 വിക്കറ്റാണ് വീഴ്ത്തിയത്.
2003-ൽ തന്റെ 19-ാം വയസിൽ ഓസ്ട്രേലിയക്കെതിരെയായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. 2008ൽ ടെസ്റ്റ് കരിയറിന് വിരാമമിട്ടു. 29 ടെസ്റ്റിൽ നിന്ന് താരം 100 വിക്കറ്റ് വീഴ്ത്തി. 2006-ൽ പാകിസ്താനെതിരെ ഹാട്രിക് വിക്കറ്റ് വീഴ്ത്തി. 2007ൽ പ്രഥമ ട്വന്റി-20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ പാകിസ്താനെ തോൽപ്പിച്ച് കിരീടം നേടിയപ്പോൾ പഠാൻ ആയിരുന്നു കളിയിലെ താരം.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക