ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്തിലെ ചൂടേറിയ 15 നഗരങ്ങളില്‍ 10 എണ്ണവും ഇന്ത്യയില്‍. ബാക്കി അഞ്ചെണ്ണം അയല്‍രാജ്യമായ പാകിസ്താനിലാണെന്നും കാലാവസ്ഥാ നിരീക്ഷണ വെബ്സൈറ്റ് എല്‍ ഡൊറാഡോ (El Dorado) റിപ്പോര്‍ട്ട് ചെയ്യുന്നു.
ചൊവ്വാഴ്ച രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയത് രാജസ്ഥാനിലെ ചുരുവിലാണ്. സംസ്ഥാന തലസ്ഥാനമായ ജയ്പൂരില്‍ നിന്ന് 20 കിലോ മീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന ചുരുവില്‍ 50 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത്.
താര്‍ മരുഭൂമിയുടെ കവാടം എന്നറിയപ്പെടുന്ന ചുരു ചൊവ്വാഴ്ച ലോകത്ത് ഏറ്റവും കുടുതല്‍ ചൂട് രേഖപ്പെടുത്തിയ സ്ഥലങ്ങളിലൊന്നുമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ താപനിലയാണ് ചുരു രേഖപ്പെടുത്തിയത്. പാകിസ്താനിലെ ജേക്കബാബാദാണ് സമാന തോതില്‍ ചൂട് രേഖപ്പെടുത്തിയ മറ്റൊരു സ്ഥലം.
ബിക്കാനീര്‍, ഗംഗനഗര്‍, പിലാനി എന്നിവയാണ് പട്ടികയിലുള്ള രാജസ്ഥാനില്‍നിന്നുള്ള മറ്റ് മൂന്ന് നഗരങ്ങള്‍. ഉത്തര്‍ പ്രദേശില്‍നിന്നും മഹാരാഷ്ട്രയില്‍നിന്നും രണ്ട് വീതം നഗരങ്ങളും ഡല്‍ഹിയില്‍നിന്നും ഹരിയാനയില്‍നിന്നുമുള്ള ഓരോ നഗരങ്ങളും പട്ടികയില്‍ ഇടം പിടിച്ചു.
യുപിയിലെ ബന്ദയിലും ഹരിയാനയിലെ ഹിസാറിലും ചൊവ്വാഴ്ച 48 ഡിഗ്രി സെല്‍ഷ്യസ് താപനില രേഖപ്പെടുത്തി. ന്യൂഡല്‍ഹി (47.6 ഡിഗ്രി ), ബിക്കാനീര്‍ (47.4 ഡിഗ്രി ), ഗംഗ നഗര്‍ (47 ഡിഗ്രി), ഝാന്‍സി (47 ഡിഗ്രി ), പിലാനി (46.9 ഡിഗ്രി), നാഗ്പൂര്‍ സോനെഗാവ് (46.8 ഡിഗ്രി), അക്കോള (46.5 ഡിഗ്രി) എന്നിവയാണ് ഏറ്റവും ചൂടേറിയ നഗരങ്ങള്‍.