റോഡ് ചതിച്ചു; ടാറ്റ ഗ്രൂപ്പ് കോവിഡ് ആസ്പത്രി വൈകും

0
198

പൊയിനാച്ചി : (www.mediavisionnews.in) കോവിഡ് കേസുകൾ ജില്ലയിൽ പിടിമുറുക്കുന്നതിനിടയിലും, രണ്ടുമാസം കൊണ്ട് പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്ന തെക്കിലിലെ ടാറ്റാ ഗ്രൂപ്പ് കോവിഡ് ആസ്പത്രി നിർമാണം നീളുന്നു. കോവിഡ് പരിശോധനയ്ക്കും ക്വാറന്റീൻ, ഐസൊലേഷൻ സൗകര്യങ്ങൾക്കും മാത്രമായുള്ള ആസ്പത്രി പൂർണസജ്ജമാകാൻ ഇനിയും മാസങ്ങളെടുക്കുമെന്നാണ് സൂചന.

അടിസ്ഥാനസൗകര്യം ഒരുക്കാൻ സമയമെടുത്തതിനാൽ 128 സ്റ്റീൽ കണ്ടെയ്‌നർ യൂണിറ്റുകൾ എത്തിക്കാൻ പ്രതീക്ഷിച്ചിരുന്ന സ്ഥാനത്ത് ശനിയാഴ്ചവരെ ഒൻപതെണ്ണമാണ് എത്തിയത്. കാലവർഷം തുടങ്ങുന്നതോടെ പ്രവൃത്തി വീണ്ടും വൈകുമോ എന്നാണ് ആശങ്ക. മാർച്ച് ഒടുവിലാണ്, രണ്ടുമാസം കൊണ്ട് കാസർകോട്ട് ടാറ്റാ ഗ്രൂപ്പിന്റെ സഹായത്തോടെ കോവിഡ് ആസ്പത്രി തുടങ്ങുമെന്ന് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

സുഗമമായ റോഡ് സൗകര്യത്തിന്റെ അഭാവവും സ്ഥലമൊരുക്കാൻ സമയമെടുത്തതുമാണ് ആസൂത്രണത്തെ തകിടം മറിച്ചത്. കുന്നിടിച്ച് ദേശീയപാതയിൽനിന്ന് പദ്ധതിസ്ഥലത്തേക്ക് പ്രത്യേക റോഡുണ്ടാക്കിയെങ്കിലും ഇതിന്റെ ഫോർമേഷൻ ജോലികൾ ഇനിയും പൂർത്തിയായിട്ടില്ല. ബി.എം.വർക്ക് ഉൾപ്പെടെ സർക്കാർ നടപടികളുടെ ചുവപ്പുനാടയിലാണ്. മഴയ്ക്ക് മുൻപ് ഇവ ചെയ്യാനാകുമെന്നായിരുന്നു പ്രതീക്ഷ. കുന്നിൽനിന്ന് മഴവെള്ളം ഒലിച്ചിറങ്ങിത്തുടങ്ങിയാൽ ഇപ്പോഴത്തെ സ്ഥിതിയിൽ അത് ദേശീയപാതയിലെ ഗതാഗതത്തെ കൂടി ബാധിക്കും.

പുതിയ റോഡിലൂടെ നിർമാണസ്ഥലത്തേക്ക് വാഹനങ്ങൾ പോകുന്നതും തടസ്സപ്പെടും. 700 മീറ്റർ ദൂരത്തിൽ 20 മീറ്റർ വീതിയിലാണ് കോവിഡ് ആസ്പത്രിയിലേക്ക് പ്രത്യേക റോഡ് നിർമിച്ചത്. 12 മീറ്റർ വീതിയിൽ ഇത് ടാർ ചെയ്യാനാണ് പദ്ധതി. റോഡ് ഉണ്ടാക്കിയ വേഗത്തിൽ അനുബന്ധ നടപടികൾ ഉണ്ടാകാത്തതാണ് ഇപ്പോഴത്തെ പോരായ്മ. മേയ് 14-ന് മംഗളൂരുവിൽനിന്ന് ടാറ്റയുടെ പ്രീ ഫാബ്രിക്കേറ്റഡ് യൂണിറ്റുമായി ആദ്യ ട്രെയിലർ ഈ റോഡിലൂടെ വന്നപ്പോൾ കുടുങ്ങിയിരുന്നു. ഏഴുമണിക്കൂർ അധ്വാനത്തിലൂടെ റോഡിലെ കയറ്റം കുറച്ചാണ് പിന്നീട് ട്രെയിലർ എത്തിച്ചത്. സ്ഥലത്തുണ്ടായിരുന്ന ക്രെയിൻ ഉപയോഗിച്ച് ട്രെയിലർ തള്ളിക്കയറ്റേണ്ടിയും വന്നു. അതിനുശേഷം കണ്ടെയ്നറുമായി വന്ന എട്ട് ട്രെയിലറുകൾ ജെ.സി.ബി. കൊണ്ട് പിറകിൽനിന്ന് ഉന്തിയാണ് മേലെ എത്തിച്ചത്.

പുതിയ റോഡിലെ രണ്ട് വളവുകളും കയറ്റവുമാണ് വിനയാകുന്നത്. മഴ വന്നാൽ ഇതിലൂടെ ട്രെയിലർ പോകാൻ കഴിയാത്ത സ്ഥിതിവരും. ഇനിയും 120-ലേറെ ട്രെയിലറുകളാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ ടാറ്റാ സ്റ്റീൽ പ്ലാന്റുകളിൽനിന്ന് പ്രീ ഫാബ്രിക്കേറ്റഡ് കണ്ടെയ്നറുമായി ഇവിടേക്ക് വരാനുള്ളത്. 10 ടൺ ഭാരമുള്ളതാണ് ഒരോ കണ്ടെയ്നർ യൂണിറ്റും. 40 അടി നീളവും 10 അടി വീതിയും ഉയരവുമുള്ള ഇവ യന്ത്രസഹായത്തോടെയാണ് ഇറക്കുന്നതും സ്ഥാപിക്കുന്നതും.

ദേശീയപാതയിൽനിന്ന് ഏകദേശം 78 മീറ്റർ ഉയരത്തിലുള്ള കുന്നിൻ പ്രദേശത്താണ് കോവിഡ് ആസ്പത്രിയുടെ പണി നടക്കുന്നത്. അഞ്ചേക്കർ കരിമ്പാറ നിരപ്പാക്കി മൂന്ന് മേഖലകളായാണ് ആസ്പത്രി സ്ഥാപിക്കുന്നത്. എറ്റവും മുകളിലത്തെ നിരപ്പിൽ 58 യൂണിറ്റും നടുവിലെ നിരപ്പിൽ 42 യൂണിറ്റും താഴത്തെ നിരപ്പിൽ 24 യൂണിറ്റും. ആദ്യത്തെ കണ്ടെയ്നർ മേയ് 15-ന് സ്ഥാപിച്ചശേഷം എട്ടെണ്ണം കൂടിയാണ് എത്തിയത്. മംഗളൂരു, ഹൈദരാബാദ്, ഫരീദാബാദ് എന്നിവിടങ്ങളിലെ ടാറ്റാ സ്റ്റീൽ പ്ലാന്റിൽ നിന്നാണ് അഞ്ച് കട്ടിലുകളുൾപ്പെടെ എല്ലാ സൗകര്യങ്ങളുമുള്ള സ്റ്റീൽ കണ്ടെയ്നറുകൾ ലോക്ഡൗണിനെ മറികടന്ന് എത്തിച്ചത്.

ചട്ടഞ്ചാൽ നോർത്തിൽനിന്ന് എം.ഐ.സി. കോളേജ് റോഡിലൂടെ കോവിഡ് ആസ്പത്രി വളപ്പിലേക്ക് ട്രെയിലറുകൾ എത്തിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ടെന്നാണ് അധികൃതർ പറയുന്നത്. മഴ തുടങ്ങിയാൽ നിർമാണസാമഗ്രികൾ എത്തിക്കാൻ ഈ വഴി ഉപയോഗിക്കും. ടാറ്റ പ്രൊജക്ട് ഡയറക്ടർ രാജ്സിങ് ടെക്ക്, സൈറ്റ് ഇൻചാർജ് ഗോപിനാഥ റെഡ്ഡി, കൺസൾട്ടസി മാനേജർ ഗണേഷ് രാജു, ഭരണ വിഭാഗം കൊച്ചി മേഖലാ മേധാവി പി.എൽ.ആന്റണി എന്നിവരാണ് കോവിഡ് ആസ്പത്രി നിർമാണത്തിന് നേരിട്ട് നേതൃത്വം വഹിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here