മുസ്‌ലിം പള്ളികളില്‍ ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കരുതെന്ന് അലഹബാദ് ഹൈക്കോടതി. ലൗഡ് സ്പീക്കറിന് പകരം ബാങ്ക് വിളിക്കാന്‍ മനുഷ്യശബ്ദം ഉപയോഗിക്കണമെന്നും കോടതി. ജസ്റ്റിസ് ശശികാന്ത് ഗുപ്ത, ജസ്റ്റിസ് അജിത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചിരിക്കുന്നത്. ഖാസിപുരിലെ ബാങ്ക് വിളി നിരോധനം നീക്കണമെന്നാവശ്യപ്പെട്ട് ഖാസിപുര്‍ ബി.എസ്.പി എം.പി അഫ്‌സല്‍ അന്‍സാരി നല്‍കിയ പൊതുതാല്‍പര്യ ഹരജിയിലാണ് കോടതിവിധി.
അതേസമയം ലൗഡ്‌സ്പീക്കര്‍ ഉപയോഗിക്കാതെ ബാങ്ക് വിളിക്കുന്നത് സംസ്ഥാനത്തെ കൊവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ തടയുന്നില്ലെന്നും കോടതി വ്യക്തമാക്കി. ലൗഡ് സ്പീക്കര്‍ ഉപയോഗിക്കാതെയുള്ള ബാങ്ക് വിളിയും അനുവദിക്കരുതെന്ന ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ വാദം കോടതി തള്ളിക്കളഞ്ഞു. ഖാസിപുര്‍ കോവിഡ് ഹോട്ട് സ്‌പോട്ടായതിനാലാണ് ഉച്ചഭാഷിണികളുടെ ഉപയോഗം തടഞ്ഞതെന്നായിരുന്നു യു.പി സര്‍ക്കാര്‍ അറിയിച്ചത. ബാങ്ക് വിളിക്കാനോ മറ്റ് ആവശ്യങ്ങള്‍ക്കോ ആരും ജില്ലാ ഭരണകൂടത്തിന്റെ അനുമതിയില്ലാതെ ലൗഡ് സ്പീക്കറുകള്‍ ഉപയോഗിക്കരുതെന്നും വിധിയില്‍ പറയുന്നു.
ബാങ്ക് വിളി ഇസ്ലാം മതത്തില്‍ അത്യന്താപേക്ഷികമാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍, ബാങ്ക് വിളിക്കാന്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിക്കണമെന്നതിന് മതഗ്രന്ഥങ്ങളുടെ പിന്തുണയില്ല. അതുകൊണ്ടുതന്നെ മതസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിന്റെ ഗണത്തില്‍ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് ബാങ്ക് വിളിക്കുന്നതിനെ പെടുത്താനാവില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം നിര്‍ബന്ധമായി ബാങ്ക് വിളി കേള്‍പ്പിക്കുന്നത് വ്യക്തികളുടെ പൗരാവകാശം കവരുന്നതിന് തുല്യമാണെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
മീഡിയവിഷൻ ന്യൂസ് ടെലഗ്രാമില്‍ ലഭിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക