മുംബയ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മഹാരാഷ്ട്രയിൽ പുതുതായി 2,345 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്തെ കൊവിഡ് 19 രോഗികളുടെ എണ്ണം 41,642 ആയി ഉയർന്നു. മുംബയിൽ മാത്രം 1,382 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 25,000 കടന്നു.
കൊവിഡ് മൂലം കഴിഞ്ഞ ദിവസം സംസ്ഥാനത്ത് 64 മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഇതിൽ 41 എണ്ണം മുംബയിൽ നിന്നും, ഒമ്പത് പേർ മലേഗാവിലുള്ളവരും, ഏഴ് പേർ പൂനെയിൽ നിന്നും, മൂന്ന് പേർ റംഗബാദ്, രണ്ട് പേർ നവി മുംബയ്, പിമ്പ്രി ചിഞ്ച്വാഡ്, സോളാപൂർ എന്നിവിടങ്ങളിൽ നിന്നും ഒരോരുത്തരുമാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് മരണസംഖ്യ 1,454 ആയി ഉയർന്നു.
തുടർച്ചയായി അഞ്ചാം ദിവസമാണ് സംസ്ഥാനത്ത് രണ്ടായിരത്തിലധികം പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്. ‘വെറും അഞ്ച് ദിവസത്തിനുള്ളിലാണ് സംസ്ഥാനത്ത് പതിനായിരത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്’- ആരോഗ്യ വകുപ്പിലെ ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 1,408 പേരെ കഴിഞ്ഞ ദിവസം ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 11,726 ആയി.