മഞ്ചേശ്വരം: തലപ്പാടി കെ.സി റോഡ് സ്വദേശിയും പാവൂർ കിദമ്പാടിയിൽ താമസക്കാരനുമായ ഇസ്മായിലിനെ(50) കൊലപ്പെടുത്തിയ കേസിൽ 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാത്തതിനാൽ പ്രതികൾ പുറത്തിറങ്ങി. കേസിൽ ജയിലിൽ കഴിയുകയായിരുന്ന ഭാര്യയും കാമുകനും അടക്കമുള്ള മൂന്നുപ്രതികൾക്കാണ് ജാമ്യം ലഭിച്ചത്.
ഇസ്മായിലിന്റെ ഭാര്യ കിദമ്പാടി സ്വദേശിനി ആയിഷ (30), കാമുകനും ബന്ധുവുമായ മുഹമ്മദ് ഹനീഫ (42), മഞ്ഞനാടിയിലെ അറഫാത്ത്(29) എന്നിവരാണ് ജാമ്യത്തിലിറങ്ങിയത്. 90 ദിവസത്തിനുള്ളിൽ കുറ്റപത്രം സമർപ്പിക്കാതിരുന്നതിനാൽ ഇസ്മായിൽ വധക്കേസിൽ ഒന്നാംപ്രതിയായ ആയിഷക്ക് ഹൈക്കോടതിയും ഹനീഫക്കും അറഫാത്തിനും ജില്ലാ കോടതിയുമാണ് ജാമ്യം അനുവദിച്ചത്.
മരവ്യാപാരിയായ ഇസ്മായിലിനെ ജനുവരി 20ന് രാവിലെയാണ് വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇസ്മായിൽ തൂങ്ങിമരിച്ചതാണെന്നും പോസ്റ്റുമോർട്ടം ഒഴിവാക്കാനായി മൃതദേഹം താനും മുഹമ്മദ് ഹനീഫയും ചേർന്ന് ഇറക്കിക്കിടത്തിയതാണെന്നുമാണ് ആയിഷ പൊലീസിന് മൊഴി നൽകിയത്. എന്നാൽ മരണത്തിൽ ഇസ്മായിലിന്റെ ബന്ധുക്കൾ സംശയം പ്രകടിപ്പിച്ചതിനെ തുടർന്ന് മൃതദേഹം പരിയാരം മെഡിക്കൽ കോളേജിൽ വിദഗ്ധ പോസ്റ്റുമോർട്ടത്തിന് വിധേയമാക്കിയതോടെ കൊലപാതകമാണെന്ന് തെളിയുകയായിരുന്നു. കഴുത്തിന്റെ പിൻഭാഗത്ത് തടിച്ച പാട് കണ്ടതാണ് സംശയത്തിനിടയാക്കിയത്. തുടർന്ന് മഞ്ചേശ്വരം പൊലീസ് ആയിഷയെയും മുഹമ്മദ് ഹനീഫയെയും ചോദ്യം ചെയ്‌തോടെ ക്വട്ടേഷൻ സംഘത്തെ ഉപയോഗിച്ച് ഇസ്മായിലിനെ കഴുത്തിൽ കയർമുറുക്കി കൊലപ്പെടുത്തിയതാണെന്ന് സമ്മതിച്ചു. ഹനീഫയുമായുള്ള ബന്ധത്തിന്റെ പേരിൽ ആയിഷയുമായി ഇസ്മായിൽ വഴക്കുകൂടുന്നത് പതിവായിരുന്നു. തങ്ങളുടെ ബന്ധത്തിന് തടസമായ ഇസ്മായിലിനെ കൊലപ്പെടുത്താൻ ആയിഷ ഹനീഫയുടെ സുഹൃത്തുക്കളായ അറഫാത്തിനെയും സിദ്ധിഖിനെയും പണം നൽകി.കിടപ്പുമുറിയിൽ ഉറങ്ങുകയായിരുന്ന ഇസ്മായിലിനെ അറഫാത്തും സിദ്ദിഖും ചേർന്ന് കഴുത്തിൽ തുണി മുറുക്കി കൊലപ്പെടുത്തി. ആയിഷയും ഹനീഫയും വീടിന് പുറത്ത് കാവൽ നിന്നുവെന്നാണ് പൊലീസിന്റെ അന്വേഷണറിപ്പോർട്ട്.
മൂന്നുപ്രതികളെയും മഞ്ചേശ്വരം സി.ഐ എ.വി ദിനേശന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്. സിദ്ധിഖ് ഇപ്പോഴും ഒളിവിലാണ്.