ബി.സി.സി.ഐക്ക് മുന്നില്‍ കൈ കൂപ്പി റോബിന്‍ ഉത്തപ്പ

0
397

ബി.സി.സി.ഐയുമായി കരാറില്ലാത്ത കളിക്കാരെ വിദേശത്ത് കളിക്കാന്‍ അനുവദിക്കണമെന്ന് റോബിന്‍ ഉത്തപ്പ. ബി.ബി.സി പോഡ്കാസ്റ്റിനിടെയായിരുന്നു 2007ലെ ടി20 ലോകകപ്പ് നേടിയ ഇന്ത്യന്‍ ടീം അംഗമായിരുന്ന ഉത്തപ്പ ഇക്കാര്യം ഉന്നയിച്ചത്. നേരത്തെ സുരേഷ് റെയ്‌നയും ഇര്‍ഫാന്‍ പത്താനും സമാനമായ ആവശ്യം ഉന്നയിച്ചിരുന്നു.

വിരമിച്ചാലല്ലാതെ ഇന്ത്യക്കാരായ പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്ക് വിദേശ ലീഗുകളില്‍ കളിക്കാന്‍ അനുമതിയില്ല. അങ്ങനെ കളിക്കുന്നവരെ ഐ.പി.എല്ലില്‍ പോലും കളിപ്പിക്കാന്‍ ബി.സി.സി.ഐ അനുവദിക്കുന്നില്ല. അടുത്തിടെ യുവരാജും സേവാഗും സഹീര്‍ഖാനും ടി10 ലീഗില്‍ കളിച്ചിരുന്നു. മൂന്ന് താരങ്ങളും വിരമിച്ചതിന് ശേഷമായിരുന്നു ഇതിന് മുതിര്‍ന്നത്. കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷ് ടി 20 ഫ്രാഞ്ചെയ്‌സിയായ ദ ഹണ്ട്രഡുമായി ഹര്‍ഭജന്‍ സിംഗ് കരാറിലെത്തിയിരുന്നു. എന്നാല്‍ ഐ.പി.എല്ലില്‍ കളിക്കേണ്ടതിനാല്‍ അവസാന നിമിഷം കരാറില്‍ നിന്നും ഹര്‍ഭജന്‍ പിന്മാറി.

ഐ.പി.എല്ലിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്മാരില്‍ ഒരാളായിട്ടും റോബിന്‍ ഉത്തപ്പക്ക് അന്താരാഷ്ട്ര ക്രിക്കറ്റില്‍ വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനായിട്ടില്ല. 2007 ടി20 ലോകകപ്പിന് ശേഷം അദ്ദേഹത്തിന്റെ കരിയര്‍ ഗ്രാഫ് താഴേക്കാണ് വന്നത്. പരിക്കും സമ്മര്‍ദം നേരിടുന്നതിലെ പ്രശ്‌നങ്ങളും ഉത്തപ്പയെ വലച്ചു. 34കാരനായ ഉത്തപ്പ ഇപ്പോള്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമാണ്. ഐ.പി.എല്‍ അല്ലാതെ ഉത്തപ്പക്ക് കഴിവ് തെളിയിക്കാന്‍ കാര്യമായ വേദികളുമില്ല.

ആസ്‌ട്രേലിയയിലെ ബിഗ് ബാഷ്, വെസ്റ്റ് ഇന്‍ഡീസിലെ സി.പി.എല്‍, ഇംഗ്ലണ്ടിലെ ടി20 ബ്ലാസ്റ്റ്, ന്യൂസിലന്റിലെ സൂപ്പര്‍ സ്മാഷ്, ബംഗ്ലാദേശ് പ്രീമിയര്‍ ലീഗ് തുടങ്ങി ലോകത്തിന്റെ പലഭാഗത്തും ടി20 ലീഗുകള്‍ നടക്കുന്നുണ്ട്. ഇതിലൊന്നും സജീവ ക്രിക്കറ്റിലുള്ള ഇന്ത്യക്കാര്‍ക്കാര്‍ക്കും പങ്കെടുക്കുന്നതിന് അനുമതിയില്ല. ബി.സി.സി.ഐയുമായി കാരാറില്‍ ഇല്ലാത്ത കളിക്കാരെ വിദേശത്ത് കളിക്കാന്‍ അനുവദിക്കണമെന്നാണ് ഉത്തപ്പയും റെയ്‌നയും ഇര്‍ഫാനും അടക്കമുള്ളവര്‍ ആവശ്യപ്പെടുന്നത്.

‘ദൈവത്തെയോര്‍ത്ത് ഞങ്ങളെ പോകാന്‍ അനുവദിക്കണം. വിദേശത്ത് കളിക്കാന്‍ അനുവദിക്കാത്തത് വേദനിപ്പിക്കുന്നുണ്ട്. കുറച്ച് ലീഗുകളിലെങ്കിലും കളിക്കാന്‍ അനുമതി ലഭിച്ചാല്‍ വലിയ കാര്യമാണ്. ക്രിക്കറ്റ് വിദ്യാര്‍ഥിയെന്ന നിലയില്‍ കുറേകാര്യങ്ങള്‍ പഠിക്കാനാകും’

റോബിന്‍ ഉത്തപ്പ

വളരെ പുരോഗമന പരമായി ചിന്തിക്കുന്നയാളാണ് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെന്നും ഇക്കാര്യത്തില്‍ അദ്ദേഹം അനുകൂല തീരുമാനമെടുക്കുമെന്നു കൂടി ഉത്തപ്പ പറയുന്നുണ്ട്. അതേസമയം വനിതാ ക്രിക്കറ്റ് താരങ്ങള്‍ സമാനമായ വിലക്കില്ല. അതുകൊണ്ടു തന്നെ സ്മൃതി മന്ദാന, ജെര്‍മിയ റോഡ്രിഗസ്, ഹര്‍മന്‍പ്രീത് കൗര്‍ തുടങ്ങിയ താരങ്ങള്‍ ആസ്‌ട്രേലിയയിലെ വനിതാ ബി.ബി.എല്ലിലും ഇംഗ്ലണ്ടിലെ കിയ സൂപ്പര്‍ ലീഗിലും കളിക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here