കുവൈത്ത് സിറ്റി: ചെറിയ പെരുന്നാളിന് ശേഷം 50 ശതമാനം വിദേശികളെ കുവൈത്ത് മുനിസിപ്പാലിറ്റി ഒഴിവാക്കും. മന്ത്രി വലിദ് അൽ ജാസിമിന്റെ നിർദേശത്തെ തുടർന്നാണ് നടപടി. രാജ്യത്ത് നടപ്പാക്കുന്ന സ്വദേശിവത്കരണത്തിന്റെ ഭാഗം കൂടിയായാണ് നടപടി.
കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്ന അന്‍പത് ശതമാനം വിദേശികളെ പിരിച്ചു വിടാൻ മന്ത്രി വലിദ് അൽ ജാസിം ഉത്തരവിട്ടത്. ഒഴിവാക്കേണ്ടവരുടെ പട്ടിക തയ്യാറാക്കുന്ന നടപടികൾ ആരംഭിച്ചു. എഞ്ചനീയർമാർ, നിയമവിദഗ്ദർ, സെക്രട്ടറി തസ്തികയിൽ ജോലി ചെയ്യുന്നവർ എന്നിവർക്കടക്കം ജോലി നഷ്ടമാകും. പെരുന്നാളിന് ശേഷമാകും ഒഴിവാക്കൽ നടപടി ആരംഭിക്കുക.
നിലനിർത്തുന്ന വിദേശികളുടെ ആവശ്യകത വ്യക്തമാക്കുന്ന റിപ്പോർട്ട് വകുപ്പ് മേധാവികൾ സമർപ്പിക്കണം. പുതിയതായി വിദേശികളെ മുൻസിപ്പാലിറ്റിയിൽ നിയമിക്കുന്നതും നിർത്തിവെച്ചിട്ടുണ്ട്. സ്വദേശിവത്ക്കരണത്തിന്റെ ഭാഗം കൂടിയാണ് പുതിയ നടപടി.