ദില്ലി: ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ (ഒസിഐ) കാർഡുള്ള ഇന്ത്യക്കാരിൽ ചില വിഭാഗങ്ങൾക്ക് രാജ്യത്തേക്ക് യാത്ര ചെയ്യുന്നതിന് കേന്ദ്രവിദേശകാര്യമന്ത്രാലയം ഇളവുകൾ അനുവദിച്ചു. ഇന്ത്യൻ പൗരൻമാർക്ക് വിദേശത്ത് പിറന്ന, ഒസിഐ കാർഡുള്ള കുട്ടികൾക്ക് രാജ്യത്തേക്ക് തിരികെ വരാം. ഇന്ത്യയിലെ കുടുംബത്തിലേക്ക് മരണാനന്തരച്ചടങ്ങ് ഉൾപ്പടെ അത്യാവശ്യകാര്യങ്ങളുണ്ടെങ്കിൽ ഒസിഐ കാർഡുള്ളവരെ തിരികെ വരാൻ അനുവദിക്കും. വിദേശത്തുള്ള ഒസിഐ കാർഡുടമകൾ കുടുംബമായാണ് താമസിക്കുന്നതെങ്കിൽ ദമ്പതിമാരിൽ ഒരാൾക്ക് ഇന്ത്യൻ പൗരത്വവും രാജ്യത്ത് വീടും ഉണ്ടെങ്കിൽ തിരികെ വരാം. വിദേശത്ത് പഠിക്കുന്ന യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ അച്ഛനമ്മമാർ ഇന്ത്യയിൽ താമസിക്കുന്ന ഇന്ത്യൻ പൗരൻമാരാണെങ്കിൽ അവർക്കും തിരികെ വരാമെന്നും കേന്ദ്രവിദേശകാര്യമന്ത്രാലയം പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു.
വന്ദേഭാരത് ദൗത്യത്തിന്‍റെ മൂന്നാം ഘട്ടം പുരോഗമിക്കുമ്പോഴാണ് ഈ പ്രഖ്യാപനം വരുന്നത്. വന്ദേഭാരത് മിഷനിലേക്ക് സ്വകാര്യവിമാനക്കമ്പനികളെയും പരിഗണിക്കുമെന്ന് നേരത്തേ കേന്ദ്രവ്യോമയാനമന്ത്രി ഹർദീപ് സിംഗ് പുരി വ്യക്തമാക്കിയിരുന്നു. മെയ് 16-ന് തുടങ്ങിയ വന്ദേഭാരതിന്‍റെ രണ്ടാംഘട്ടത്തിൽ 32,000 ഇന്ത്യൻ പൗരൻമാരെ, 160 വിമാനങ്ങളിലായി 47 രാജ്യങ്ങളിൽ നിന്ന് തിരികെ കൊണ്ടുവന്നിരുന്നു. എയർ ഇന്ത്യ സജ്ജമാക്കിയ പ്രത്യേക വിമാനങ്ങളിലാണ് രക്ഷാദൗത്യം.
കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിസകൾ റദ്ദാക്കപ്പെട്ട ആയിരക്കണക്കിന് ആളുകളുടെ പ്രശ്നങ്ങൾക്ക് ചെറിയ പരിഹാരമാവുകയാണ് ഈ ഉത്തരവിലൂടെ.
ഉത്തരവിന്‍റെ പൂർണരൂപം: