പ്രവാസികള്‍ക്ക് ആകെ കിട്ടിയത് ഒരു ബണ്ണും ഒരു കുപ്പി വെള്ളവും, വിമാനമിറങ്ങിയശേഷം കൊച്ചി മുതല്‍ കാസര്‍കോട് വരെ ദുരിതയാത്ര

0
213

കാസര്‍കോട്: കൊച്ചിയില്‍ നിന്ന് കാസര്‍കോട്ടേക്ക് കെ.എസ്.ആര്‍.ടി.സി ബസില്‍ കൊണ്ടുവന്ന പ്രവാസികള്‍ക്ക് ഭക്ഷണമായി നല്‍കിയത് ഒരു ബണ്ണും ഒരു കുപ്പി വെള്ളവും. മണിക്കൂറുകള്‍ നീണ്ട യാത്രയില്‍ പ്രവാസികള്‍ അനുഭവിച്ചത് കൊടിയ ദുരിതം. അധികാരികളുടെ ഭാഗത്തുനിന്നും വേണ്ടത്ര കരുതലുണ്ടായില്ലെന്നും കടുത്ത യാതനയാണ് അനുഭവിക്കേണ്ടി വന്നതെന്നും പ്രവാസികള്‍ കുറ്റപ്പെടുത്തുന്നു.

ബുധനാഴ്ച രാവിലെ ഏഴ് മണിക്കാണ് ദുബായ് വിമാനം കൊച്ചിയില്‍ എത്തിയത്. അരമണിക്കൂറിനകം നടപടികള്‍ പൂര്‍ത്തിയാക്കി യാത്രക്കാര്‍ പുറത്തിറങ്ങിയെങ്കിലും പ്രവാസികള്‍ക്കായി ഏര്‍പ്പെടുത്തിയ ബസ് പുറപ്പെടാന്‍ മൂന്ന് മണിക്കൂറെടുത്തു. രോഗികളെ പോലും മൂത്രം ഒഴിക്കാനോ വിശ്രമിക്കാനോ അനുവദിച്ചില്ല. ബസില്‍ മൂന്ന് മണിക്കൂര്‍ അസഹനീയമായ ചൂട് സഹിച്ച്‌ ഇരിക്കേണ്ടിവന്നു. സ്ത്രീകളും രോഗികളും അടക്കമുള്ള യാത്രക്കാരായിരുന്നു ഏറെയും. ഭക്ഷണപ്പൊതി പേരിനായിരുന്നു. കാഞ്ഞങ്ങാട് എത്തുവോളം കഴിക്കാന്‍ മറ്റൊന്നും നല്‍കിയില്ല. പലരും വിശന്ന് ക്ഷീണിച്ചു. യാത്രക്കാരുടെ ആവശ്യങ്ങളൊന്നും അന്വേഷിച്ചില്ല. മൂത്രമൊഴിക്കാനായി നിറുത്തുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും അതുമുണ്ടായില്ല.

പലരും ബഹളം വയ്ക്കാന്‍ തുടങ്ങിയിട്ടും ബസ് നിറുത്താന്‍ കൂട്ടാക്കിയില്ല. യാത്രക്കാര്‍ ഇറങ്ങേണ്ട സ്ഥലത്ത് മാത്രമാണ് നിറുത്തിയത്. യാത്രക്കാരെ ഇറക്കിയ ശേഷം ആരോഗ്യവകുപ്പ് അധികൃതര്‍ അവര്‍ക്ക് പ്രത്യേക നിര്‍ദ്ദേശങ്ങള്‍ നല്‍കി ക്വാറന്റൈന്‍ സെന്ററിലേക്ക് കൊണ്ടുപോകാന്‍ ഏറെ നേരമെടുത്തു. വിശന്നു പൊരിഞ്ഞ വയറുമായി രാത്രി പലരും ബഹളം വച്ചെങ്കിലും കൂട്ടാക്കിയില്ല. ഡ്രൈവര്‍ ഇടയ്ക്കിടെ തന്റെ നിസഹായാവസ്ഥ വെളിപ്പെടുത്തിയെങ്കിലും യാത്രക്കാരുടെ കാര്യങ്ങള്‍ അതാത് സമയത്ത് ശ്രദ്ധിക്കാന്‍ നിയുക്തരായ പൊലീസ് പൈലറ്റ് വാഹനം ജയിലിലേക്ക് കൊണ്ടുപോകുന്ന ക്രിമിനലുകളോടെന്ന പോലെയാണ് പെരുമാറിയത്.

ജീവിതത്തില്‍ ഇതുവരെ ഇത്തരമൊരു ദുരിതം നേരിട്ടിട്ടില്ലെന്ന് പ്രവാസി കാസര്‍കോട് തളങ്കരയിലെ മജീദ് തെരുവത്ത് ആരോപിക്കുന്നു. മജീദിന് പുറമെ കാസര്‍കോട് ജില്ലക്കാരായ നായന്മാര്‍മൂല പടിഞ്ഞാര്‍ സ്വദേശിയും ഒരു സ്ത്രീ അടക്കം മൂന്ന് ചെറുവത്തൂര്‍ സ്വദേശികളുമുണ്ടായിരുന്നു. സംഭവത്തില്‍ ഡി ജി പിക്ക് പരാതി നല്‍കിയതായും മുഖ്യമന്ത്രിയെ ധരിപ്പിച്ചതായും എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ പറഞ്ഞു. നെടുമ്ബാശ്ശേരിയില്‍നിന്നും കാസര്‍കോട്ടേക്കുള്ള യാത്രക്കിടെ പ്രവാസികള്‍ അനുഭവിക്കേണ്ടിവന്ന കൊടിയ യാതനകളെപ്പറ്റി സമഗ്ര അന്വേഷണം നടത്തണമെന്ന് എംഎല്‍എ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here