പ്രവാസികളുടെ ക്വാറന്റീന്‍; പുതിയ നീക്കവുമായി യു.ഡി.എഫ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍

0
186

കോഴിക്കോട്: പ്രവാസികളുടെ ക്വാറന്റീന്‍ വിഷയത്തില്‍ പുതിയ നീക്കവുമായി യു.ഡി.എഫ് ഭരണത്തിനുളള പഞ്ചായത്തുകള്‍. പ്രവാസികള്‍ക്ക് സൗജന്യമായി ക്വാറന്റീന്‍ ഒരുക്കാന്‍ തയ്യാറാണെന്നും ഇതിനായി തനത് ഫണ്ട് ചെലവിടാന്‍ സര്‍ക്കാര്‍ അനുമതി നല്‍കണമെന്നുമാവശ്യപ്പെട്ട് കോഴിക്കോട്ടെ രണ്ട് തദ്ദേശഭരണ സ്ഥാപനങ്ങള്‍ മുഖ്യമന്ത്രിക്ക് കത്തെഴുതി.

യു.ഡി.എഫ് ഭരണത്തിലുളള കൊടുവളളി നഗരസഭയും പെരുവയല്‍ പഞ്ചായത്തുമാണ് പ്രവാസികള്‍ക്ക് സൗജന്യ ക്വാറന്റീന്‍ ഒരുക്കാന്‍ സന്നദ്ധത അറിയിച്ച് മുഖ്യമന്ത്രിക്ക് കത്തയച്ചത്. പ്രവാസികള്‍ക്ക് ജനകീയ പങ്കാളിത്തത്തോടെ ആരോഗ്യ വകുപ്പിന്റെ മാനദണ്ഡങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസൃതമായി സൗജന്യ ക്വാറന്റീന്‍ ഒരുക്കി സംരക്ഷിക്കാന്‍ കൊടുവള്ളി നഗരസഭ ഭരണസമിതി തയ്യാറാണെന്ന് നഗരസഭയുടെ കത്തില്‍ പറയുന്നു. 

അതേസമയം ഫണ്ട് ഇല്ലാത്തതാണ് പ്രശ്നമെങ്കിൽ ആ ബാധ്യത ഏറ്റെടുക്കാൻ പെരുവയൽ ഗ്രാമപഞ്ചായത്ത് ഭരണസമിതി തയ്യാറാണെന്ന് പെരുവയല്‍ പഞ്ചായത്തിന്റെ കത്തില്‍ പറയുന്നു. പഞ്ചായത്തിന്റെ തനത് ഫണ്ട് ഈ ആവശ്യത്തിന്  ഉപയോഗിക്കുന്നതിന് സർക്കാറിന്റെ പ്രത്യേക അനുമതി ആവശ്യമുണ്ട്. അനുമതി നൽകാന്‍ നടപടി ഉണ്ടാകണമെന്നാണ് കത്തിലെ ആവശ്യം. 

പഞ്ചായത്തുകള്‍ നികുതി-നികുതിയിതര മാര്‍ഗ്ഗങ്ങളിലൂടെ സമാഹരിക്കുന്ന തുകയാണ് തനത് ഫണ്ട്. ഇത് ചെലവഴിക്കാന്‍ അനുവദിക്കുന്നത് സര്‍ക്കാരിന് സാമ്പത്തിക ബാധ്യത സൃഷ്ടിക്കില്ല. എന്നാല്‍ പ്രവാസികളുടെ ക്വാറന്റീന്‍ സ്വന്തം ചെലവിലെന്ന നിലപാടെടുത്ത സര്‍ക്കാര്‍ തദ്ദേശഭരണ സ്ഥാപനങ്ങളെ ഇതിന് അനുവദിക്കുമോ എന്നതാണ് പ്രശ്നം. അനുമതി നല്‍കിയാല്‍ ഇടതു ഭരണത്തിലുളള പഞ്ചായത്തുകള്‍ക്കും മാറി നില്‍ക്കാനാകില്ല. അനുമതി നിഷേധിക്കുന്നത് യുഡിഎഫ് രാഷ്ട്രീയമായി ഉപയോഗിക്കാനുളള സാധ്യതയും ഏറെ. 

LEAVE A REPLY

Please enter your comment!
Please enter your name here