ജില്ലയിൽ ഹോട്സ്പോട്ടുകളിൽ നിയന്ത്രണം തുടരും; അല്ലാത്തിടങ്ങളിൽ രാവിലെ 7 മണി മുതൽ 5 മണി വരെ കർഫ്യൂവിൽ ഇളവ്

0
189

കാസർകോട്: മൂന്നാം ഘട്ട ലോക്ക് ഡൌൺ ആരംഭിക്കുന്ന മെയ് 4 മുതൽ ഓറഞ്ച് സോണിൽ ഉൾപ്പെട്ട കാസർകോട് ജില്ലയിൽ കൂടുതൽ ഇളവുകൾ. ജില്ലയില്‍ ഏര്‍പ്പെടുത്തിയിട്ടുളള കർഫ്യൂവിൽ രാവിലെ 11 മുതല്‍ വൈകിട്ട് അഞ്ച് വരെ അനുവദിച്ചിരുന്ന ഇളവുകള്‍ മെയ്‌നാല് മുതല്‍ രാവിലെ ഏഴ് മുതല്‍ വൈകിട്ട് അഞ്ച് വരെയാക്കി ദീര്‍ഘിപ്പിച്ചു. നേരത്തെ തുറക്കാൻ അനുമതിയുള്ള അവശ്യ സേവനങ്ങൾക്കുള്ള കടകൾക്ക് മാത്രമേ തുറക്കാൻ അനുമതി ഉണ്ടായിരിക്കുകയുള്ളൂവെന്ന് ജില്ലാ കളക്ടർ ഡോ.ഡി.സജിത് ബാബു അറിയിച്ചു. എന്നാൽ ഇളവുകൾ ഒന്നും തന്നെ ഹോട്സ്പോട്ട് പ്രദേശങ്ങളിൽ ബാധകമല്ല.

രാവിലെ ഏഴു മണിക്ക് കടതുറക്കാന്‍ എന്ന ആവശ്യമുന്നയിച്ച് ആരെയും ഏഴുമണിക്കു മുൻപ് യാത്ര ചെയ്യാന്‍ അനുവദിക്കില്ല.

അലുമിനിയം ഫാബ്രിക്കേഷന്‍, തടിമില്ല്, പ്ലൈവുഡ് ഫാക്ടറി എന്നിവ തുറന്ന് പ്രവര്‍ത്തിക്കാം. ഇവിടങ്ങളില്‍ അണുനശീകരണം നടത്തുന്നതിനും സാനിട്ടൈസര്‍, മാസ്‌ക്, ഗ്ലൗസ് തുടങ്ങിയ സുരക്ഷാ മാര്‍ഗ്ഗങ്ങള്‍ കര്‍ശനമായും ഉപയോഗിക്കണം.

പ്രീന്റിംഗ് പ്രസ്സുകൾ, ഫോട്ടോ സ്റ്റുഡിയോകള്‍ എന്നിവ എല്ലാ ചൊവ്വാഴ്ചയും തുറന്ന് വൃത്തിയാക്കാം. എന്നാല്‍ സാധാരണ പ്രവര്‍ത്തനം നടത്തുന്നതിന് അനുമതിയുണ്ടായിരിക്കില്ല.

ഒരു യാത്രക്കാരനെ മാത്രം കയറ്റി ടാക്‌സി സര്‍വ്വീസ് അനുവദിക്കും. ടാക്‌സി കാറില്‍ എ സി ഉപയോഗിക്കരുതെന്നും, ടാക്‌സിയില്‍ കയറുന്നതിനു മുമ്പ് സാനിട്ടൈസര്‍ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കണമെന്നും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. എന്നാല്‍ ഓട്ടോ റിക്ഷകള്‍ സര്‍വ്വീസുകള്‍ നടത്തുന്നതിന് അനുവദിക്കില്ല.

അവശ്യ സര്‍വ്വീസുകളില്‍ ഉള്‍പ്പെട്ട സര്‍ക്കാര്‍ ഓഫീസുകള്‍ ( റവന്യൂ, പോലീസ്, കൃഷി, മൃഗ സംരക്ഷണം, ജില്ലാ പഞ്ചായത്ത്, ഫയര്‍ ആന്റ് റെസ്‌ക്യൂ, തദ്ദേശ സ്ഥാപനങ്ങള്‍, ലേബര്‍, ആര്‍ ടി ഒ, ഭക്ഷ്യ സുരക്ഷാ ലകുപ്പ്, പി ഡബ്ല്യു ഡി, ഇറിഗേഷന്‍, എല്‍ എസ് ജി ഡി എന്‍ജിനീയറിംഗ്, കെ എസ് ഇ ബി, വാട്ടര്‍ അതോറിറ്റി, കുടുംബശ്രി, സിവില്‍ സപ്ലൈസ് )തുറന്നു പ്രവര്‍ത്തിക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ ഉദ്യോഗസ്ഥരുടെ ആവശ്യത്തിനുള്ള ആവശ്യമായ സര്‍വ്വീസുകള്‍ നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് കെ എസ് ആര്‍ ടി സി നടത്തും.

കാസർകോട് മുൻസിപാലിറ്റി ചെങ്കള, ചെമ്മനാട് മുളിയാർ മൊഗ്രാൽ -പുത്തൂർ അജാനൂർ ഉദുമ ഗ്രാമ പഞ്ചായത്തുകൾ എന്നിവയാണ് കാസർകോട് ജില്ലയിലെ കോവിഡ് 19 ഹോട്സ്പോട്ടുകൾ.

യോഗത്തില്‍ ജില്ലാ പോലീസ് മേധാവി പി എസ് സാബു, എ ഡി എം എന്‍ ദേവിദാസ്, ഡി എം ഒ എ വി രാംദാസ്, ഡി ഡി പി റെജി കുമാര്‍, ആര്‍ ടി ഒ മനോജ് എസ്, ഡി വൈ എസ് പി സുനില്‍കുമാര്‍ മറ്റ് ജില്ലാതല വകുപ്പ് മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here