കുമ്പള: കടുത്ത വേനലിൽ കുടിവെള്ളംമുട്ടി ഒരു കോളനി. കുമ്പള പഞ്ചായത്ത് അഞ്ചാം വാർഡ് ചത്രംപള്ളം കോളനിയിലാണ് കഴിഞ്ഞ ഒരു മാസമായി കുടിവെള്ളം മുടങ്ങിയിരിക്കുന്നത്. വൈദ്യുതി ബില്ലടക്കാത്തതിനാൽ അധികൃതർ വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് കുടിവെള്ള വിതരണം മുടങ്ങുകയായിരുന്നു.
ഇതേ തുടർന്ന് ചത്രംപളളം കോളനിയിലെ ഇരുപതോളം കുടുംബങ്ങൾക്കുള്ള കുടിവെള്ളമാണ് മുടങ്ങിയത്. ഗുണഭോക്താക്കൾ മാസം കൃത്യമായി വൈദ്യുതി ബില്ലടക്കാനുള്ള തുക നൽകി വരുന്നുണ്ട്. ഗുണഭോക്തൃസമിതി സെക്രട്ടറി ഇവരിൽ നിന്ന് പിരിച്ചെടുത്ത തുക കെ.എസ്.ഇ.ബിയിൽ അടക്കാത്തതിനെ തുടർന്നാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. കുടിവെള്ളത്തിനു വേണ്ടി കോളനിവാസികൾ നേരിടുന്ന പ്രയാസം മുസ്ലിം യൂത്ത് ലീഗ് വാർഡ് പ്രസിഡന്റ് നിസാം പഞ്ചായത്തിന്റെ ശ്രദ്ധയിൽ പെടുത്തുകയും തുടർന്ന് പഞ്ചായത്ത് കോളനിവാസികൾക്ക് കുടിവെള്ളം ലഭ്യമാക്കുകയും ചെയ്തു. തുടർന്നുള്ള ദിവസങ്ങളിലും പഞ്ചായത്ത് കോളനിയിൽ കുടിവെള്ളമെത്തിക്കും.
ചത്രംപള്ളം കോളനിയിലെ ഇരുപതോളം കുടുംബങ്ങൾക്കുള്ള കുടിവെള്ളം വൈദ്യുതി ബില്ലടക്കാത്തതിനെ തുടർന്ന് മുടങ്ങിയ സംഭവം പ്രതിഷേധത്തിനിടയാക്കി.